ഗായകനില്‍ നിന്നും സംഗീത സംവിധായകനിലേക്ക്….ഇനി അഭിനയത്തിലേക്കോ?

റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീന്‍ ആരാധകരുടെ പ്രശംസ പിടിച്ചുവാങ്ങി താരമായ ശ്രീനാഥ് ശിവശങ്കരന്‍ ഏറെ സന്തോഷത്തിലാണ്. നിരവധി സ്‌റ്റേജ് ഷോകളിലും മറ്റ് സംഗീത പരിപാടികളിലും തിളങ്ങി നിന്ന തനിയ്ക്ക് ഇണങ്ങുന്ന കുപ്പായം തന്നെയാണ് സംഗീത സംവിധായകന്റേതുമെന്ന് പ്രേക്ഷകര്‍ അംഗീകരിച്ച സംതൃപ്തിയുണ്ടായിരുന്നു ശ്രീനാഥിനെ കാണുമ്പോള്‍. ഗായകനില്‍ നിന്നും സംഗീത സംവിധായകനിലേക്കും ചുവട്‌വെച്ച ശ്രീനാഥ് തന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുന്നു..

. സംഗീത സംവിധായകനായി ഒരു കുട്ടനാടന്‍ ബ്ലോഗിലേക്കുള്ള വഴി?

. ഉണ്ണിമുകുന്ദനുമായി വളരെ നല്ല അടുപ്പമാണുള്ളത്. അങ്ങിനെയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സേതു ചേട്ടനിലേക്കെത്തുന്നത്. അതിന് ശേഷം ഞാന്‍ ചെയ്ത കുറേ സംഗീത ശകലങ്ങള്‍ സേതു ചേട്ടനെ കേള്‍പ്പിച്ചു. പിന്നീടത് സേതു ചേട്ടന്‍ മമ്മൂക്കയെ കേള്‍പ്പിക്കുകയായിരുന്നു. മമ്മൂക്കയാണ് കൊള്ളാം അവന്‍ ട്രൈ ചെയ്യട്ടെ എന്ന് പറയുന്നത്.

. റിയാലിറ്റി ഷോയ്ക്കു ശേഷം ശ്രീനാഥ് എന്തെല്ലാം ചെയ്തു?

. ഞാന്‍ അന്ന് ഡിഗ്രിക്ക് ഫൈനല്‍ ഇയറായിരുന്നു. റിയാലിറ്റി ഷോ കാരണം പരീക്ഷ എഴുതാന്‍ പറ്റിയില്ല. ഒരു വര്‍ഷം കഴിഞ്ഞാണ് ആ പരീക്ഷ എഴുതിയത്. പിന്നീട് എം.ബി.എ കഴിഞ്ഞപ്പോള്‍ തന്നെ നാല് അഞ്ച് കൊല്ലം പോയി. അതിനിടെ സ്‌റ്റേജ് ഷോകള്‍, അവസരം ചോദിക്കല്‍, സിനിമയുമായി യാതൊരു ബന്ധമോ, അല്ലെങ്കില്‍ പിന്തുണയോ നല്‍കാന്‍ കഴിയുന്ന ഒരു കുടുംബ പശ്ചാത്തലമായിരുന്നില്ല എന്റെത്.അത്‌കൊണ്ട് തന്നെ നല്ല കഠിനാധ്വാനം വേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതെല്ലാം പോസിറ്റീവായി കണ്ടത് കൊണ്ടാവണം അവസരം തേടിയെത്തിയത്. അതേ പോലെ സ്‌റ്റേജ് ഷോയുടെ സമയത്താണെങ്കിലും നിരവധി പ്രമുഖ ഗായകരുടെ കൂടെ വേദി പങ്കിടാന്‍ അവസരമുണ്ടായി. അതൊരു നല്ല അനുഭവമായിരുന്നു.

. കുട്ടനാടന്‍ ബ്ലോഗിലെ ഗാനങ്ങളെ കുറിച്ച്

. അഞ്ച് ഗാനങ്ങളിലൂടെ പത്തോളം ഗായകരെ കൊണ്ട് പാടിപ്പിക്കാന്‍ സാധിച്ചു. അങ്ങിനെ നോക്കിയാല്‍ വലിയൊരു ആല്‍ബമാണ്.

. ഉണ്ണിമുകുന്ദനെ കൊണ്ട് പാടിച്ചതിനെ കുറിച്ച്

. ഉണ്ണിയേട്ടന്‍ ഒരു പാട്ടുകാരനല്ലെങ്കിലും പാട്ട് ഇഷ്ടമാണ്. ഒരു സെലിബ്രിറ്റി സിംഗറായിട്ടാണെത്തിയത്. യൂത്തിനിഷ്ടമുള്ള ഒരു ഡപ്പാന്‍ കൂത്ത് സ്റ്റൈല്‍ ഗാനം. അദ്ദേഹം മാക്‌സിമം ഇന്‍പുട്ട് ആ ഗാനത്തിന് നല്‍കിയിട്ടുണ്ട്. നല്ല റസ്‌പോണ്‍സാണ് ലഭിക്കുന്നത്. . വിനീതേട്ടന്‍…(വിനീത് ശ്രീനിവാസന്‍) എന്ന ഗായകനില്‍ നിന്നും ഇതുവരെ കേള്‍ക്കാത്ത തരം ഒരു പാട്ടാണത്. പിന്നെ വരികളെല്ലാം തന്നെ ഗാനത്തിന് ജീവന്‍ നല്‍കാന്‍ വലിയ പിന്തുണയാണ് നല്‍കിയത്. റഫീഖ് അഹമ്മദ് സാറിനെ പോലെയുള്ള വലിയ ഒരെഴുത്തുകാരന്റെ കൂടെ വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷം.

. ശ്രീനാഥ് രചിച്ച ഗാനത്തെ കുറിച്ച്

. ഏയ്….ഞാന്‍ നല്ലൊരു രചയിതാവൊന്നുമല്ല. നമ്മളൊരു പാട്ട് ചെയ്യുമ്പോള്‍ ചുമ്മാ കുറേ ഡമ്മി വരികള്‍ വെയ്ക്കും. പാടാനും മ്യൂസിക്ക് കേള്‍പ്പിക്കാനും എനിയ്ക്ക് കംഫര്‍ട്ടബിള്‍ അതാണ്. സന്ദര്‍ഭമനുസരിച്ച് വെറുതേ ഉണ്ടാക്കി വെച്ച വരികള്‍ സേതു ചേട്ടന്‍ കേട്ടപ്പോള്‍ എന്നാലത് തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു തമാശ പാട്ടായത് കൊണ്ടാണ് വേറൊരാളെ വെച്ചെഴുതിക്കേണ്ട ഇത് ഓ ക്കെ ആണെന്ന് തോന്നിയത്.

. മമ്മൂക്ക തന്ന ഊര്‍ജ്ജം?

. പറഞ്ഞറിയിക്കാനാവാത്ത ഊര്‍ജ്ജമാണ്. ചെറുപ്പക്കാര്‍ക്കേറ്റവും കൂടുതല്‍ അവസരം നല്‍കിയ താരമാണ് അദ്ദേഹം. അതിലൊരാളാകാന്‍ കഴിഞ്ഞത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. മാനത്തെ എന്ന ഗാനമാണ് മമ്മൂക്ക ആദ്യമായിട്ട് കേട്ട പാട്ട്. അത് ആണ് അദ്ദേഹത്തിനേറ്റവും ഇഷ്ടപ്പെട്ടതും. പിന്നീട് അഞ്ച് നല്ല പാട്ടുകള്‍ കുട്ടനാടന്‍ ബ്ലോഗിലുണ്ടെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും എനിക്ക് കിട്ടിയ അംഗീകാരമാണ്.

. കുടുംബം

. അച്ഛന്‍, അമ്മ അനിയത്തി. അനിയത്തി മൂന്നാം വര്‍ഷ ബിരുദ പഠനം. അച്ഛന്‍ അധ്യാപകനായിരുന്നു. അമ്മ വീട്ടമ്മയാണ്. എന്റേത് ഒരു വലിയ കൂട്ടുകുടുംബമാണ്. സിനിമാ സ്വപ്‌നങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കുന്നത് കൊണ്ടാണ് ഇവിടം വരെയെത്തി നില്‍ക്കുന്നത്.

. ഗായകനായി…സംഗീത സംവിധായകനായി…ഇനി എന്താകണം?

. എനിയ്ക്ക് സിനിമയില്‍ നല്ലൊരു ആര്‍ടിസ്റ്റായി അറിയപ്പെടാനാണ് ആഗ്രഹം. പാട്ടുകാരന്‍ എന്ന രീതിയിലോ സംഗീത സംവിധായകന്‍ എന്ന രീതിയിലോ, പിന്നെ അഭിനയിക്കാനും ഇഷ്ടമാണ്. ഏത് മേഖലയാണെങ്കിലും പറ്റുന്ന കാര്യങ്ങള്‍ ചെയ്യാനാണിഷ്ടം. മമ്മൂക്കയുടെ പിറന്നാളിന് ആശംസയര്‍പ്പിച്ച് പാടി അഭിനയിച്ച ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. മുന്‍പ് ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. ഇനി നല്ലതല്ലെന്ന് പറഞ്ഞാല്‍ ഈ പണി നിര്‍ത്താമല്ലോ (ചിരി)…ആളുകള്‍ നല്ലത് പറയുന്നത് കൊണ്ട് തുടരാമെന്ന് വിചാരിക്കുന്നു.