ശ്രീദേവിയുടെ ‘മോം’ ചൈനയിലും റിലീസിനൊരുങ്ങുന്നു

ശ്രീദേവിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മോം ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ശ്രീദേവി അവസാനം അഭിനയിച്ച ചിത്രമായിരുന്നു മോം. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറാണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്. മാര്‍ച്ച് 22ന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുമെന്ന് ബോണി കപൂര്‍ പറയുന്നു.

ശ്രീദേവി കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു 2017ല്‍ പ്രദര്‍ശനത്തിന് എത്തിയ മോം. മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന അമ്മയായാണ് ശ്രീദേവി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. രവി ഉദ്യാവറാണ് മോം സംവിധാനം ചെയ്തത്.

ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം 2013ല്‍ പത്മശ്രീ നല്‍കിയും അവരെ ആദരിച്ചു. എന്നാല്‍ ആദ്യമായാണ് ശ്രീദേവിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. എന്നാല്‍ അത് സ്വീകരിക്കാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല. 2018 ഫെബ്രുവരി ഇരുപത്തിനാലിനാണ് ഇന്ത്യന്‍ സിനിമാലോകത്തെയും ആരാധകരെയും ദുഖത്തിലാഴ്ത്തി ശ്രീദേവി വിട പറഞ്ഞത്. മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.

error: Content is protected !!