‘സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നിമിഷയെ കളിയാക്കി, ഈ അവാര്‍ഡ് മധുരപ്രതികാരം’- സൗമ്യ സദാനന്ദന്‍

സൗന്ദര്യത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്കുള്ള നിമിഷയുടെ മധുരപ്രതികാരമാണ് സംസ്ഥാന അവാര്‍ഡെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേയില്‍ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍സ്‌ അസോസിയേഷന്‍കാരുടെയും ചില ആരാധകരുടെയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സൗമ്യ സദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഒരുപാട് വിഷമിച്ച് നിമ്മി എന്നെ വിളിച്ച ദിവസം ഓര്‍മയുണ്ട്. അവള്‍ കരയുകയായിരുന്നു. അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്റെ മനസ് തകര്‍ത്തു. എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എന്റെ നായകനേക്കാള്‍ ഗ്ലാമര്‍ കുറവാണ് നായികയ്ക്ക് എന്നായിരുന്നു ചില ഫാന്‍സ് ഗ്രൂപ്പിന്റെയും പ്രേക്ഷകരുടേയും വിമര്‍ശനം. ഇത് ആ പെണ്‍കുട്ടിയുടെ ഉത്സാഹത്തെ കൊല്ലുന്നതായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാന്‍ അവളെ സമാധാനിപ്പിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു.

അതുപോലെ ഇക്കുറി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡിലൂടെ നീ ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുകയാണ്. ഇതിലും നല്ലൊരു മാര്‍ഗ്ഗമുണ്ടോ വ്യക്തിത്വം കാണിക്കാന്‍. അവര്‍ക്ക് നീ നല്ല മറുപടി നല്‍കി’സൗമ്യ കുറിച്ചു.