സംവിധായിക നിരയിലെ ചെറുപ്പക്കാരി

മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം ഒരുവശത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ മറുവശത്ത് വെള്ളിത്തിരയിലെ കെട്ടുകാഴ്ച്ചകള്‍ക്കുമപ്പുറം സിനിമയുടെ അണിയറയിലെല്ലാം തന്നെ പെണ്‍ ഉണര്‍വ്വിന്റെ കേളി കൊട്ടാണ്. ഇന്ന് സിനിമയില്‍ സാങ്കേതിക രംഗങ്ങളില്‍ പോലും തിളങ്ങാനാകുമെന്ന് തെളിയിച്ച പെണ്‍പുലികള്‍ ഒരുപാടുണ്ട് .

വെള്ളിത്തരയിലെ സംവിധായിക വേഷം നന്നായി തന്നെ ഇണങ്ങുമെന്ന് തെളിയിച്ചവരുടെ കൂട്ടത്തിലേക്ക് ഒരു പേര് കൂടെ ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. സംവിധായികയുടെ ക്യാപ്റ്റന്‍ തൊപ്പി അണിയുക എന്നത് വെറും ആലങ്കാരിക പദവിയല്ലെന്ന് സൗമ്യ സദാനന്ദന്‍ എന്ന പുതുമുഖ സംവിധായികയോട് സംസാരിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഒരു സിനിമ ചെയ്ത് കളയാം എന്ന് തീരുമാനിച്ച് ഒരു സുപ്രഭാതത്തിലിറങ്ങിയതല്ല സൗമ്യ എന്ന മുപ്പത്തിമൂന്ന്കാരി. എട്ട് വര്‍ഷകാലത്തെ കഠിനാധ്വാനത്തിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ നായികാ നായകന്‍മാരാക്കി മാംഗല്ല്യം തന്തുനാനേനയുമായി സൗമ്യയെത്തുന്നത്. ചില മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ച സൗമ്യയെ കപ്പ ടിവി സംപ്രേഷണം ചെയ്ത ‘ഫിലിം ലോഞ്ച്’ എന്ന പരിപാടിയുടെ അവതാരകയായും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ശൂരനാട് എന്ന സ്ഥലത്താണ് സൗമ്യ ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു പഠിച്ചു വളര്‍ന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ സ്‌കൂള്‍ പഠനത്തിനു ശേഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. ബംഗളൂരുവില്‍ ആദിത്യ ബിര്‍ള മിനാക്‌സ് എന്ന കമ്പനിയില്‍ കുറച്ചു നാള്‍ ജോലി ചെയ്തിരുന്നു. 2010ലാണ് സിനിമ എന്ന അടങ്ങാത്ത ദാഹവുമായി സൗമ്യ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്. തന്റെ പുതിയ ചിത്രം മാംഗല്ല്യം തന്തുനാനേനയെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചും സെല്ലുലോയ്ഡുമായ് പങ്ക്‌വെക്കുകയാണ് സൗമ്യ..

. മാംഗല്ല്യം തന്തുനാനേന

. ഫണ്ണി ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് മാംഗല്ല്യം തന്തുനാനേന. നാല്‍പത് വര്‍ഷത്തോളം ഈ രംഗത്ത് പരിചയമുള്ള നിര്‍മാതാവിനെ കിട്ടി എന്നത് ഭാഗ്യമാണ്. ആല്‍വിന്‍ ആന്റണി ചേട്ടന് സ്‌ക്രിപ്റ്റ് നന്നായി ബോധിച്ചിരുന്നു. ഞാന്‍ ആവശ്യപ്പെട്ട എല്ലാ കഥാപാത്രങ്ങളേയും എനിയ്ക്ക് സിനിമയ്ക്കായി എത്തിച്ചു തന്നു എന്നതാണ് പ്രത്യേകത. നല്ല നിലവാരമുള്ള തമാശകളും ആഴമുള്ള വൈകാരിക രംഗങ്ങളും നിറഞ്ഞ കുടുംബ ചിത്രമാണിത്.

. ചെമ്പൈ യെ കുറിച്ചുള്ള ഡോക്യുമെന്ററി, റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിം ഇതിന് ശേഷമുള്ള സിനിമ….

. നൂറാമത് ചെമ്പൈ സംഗീതോത്സവം നടക്കുമ്പോള്‍ എന്റെ മുന്നില്‍ നടന്ന ചരിത്ര സംഭവത്തെ ചിത്രീകരിക്കുകയായിരുന്നു. യുവത്വം ആസ്വദിക്കേണ്ട ഒന്നാണത് എന്ന് ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത് ചെയ്തത്. റാബിറ്റ് ഹോളിനെ കുറിച്ചാണെങ്കില്‍ ഞാന്‍ മാനസിക പിരിമുറുക്കത്തിലൂടെ കടന്ന് പോയ ആളാണ്. ഒരു ചെറിയ കാരണം മതിയാകും നമ്മള്‍ അതില്‍ നിന്നും മുക്തരാകാന്‍. എന്റെ അനുഭവത്തില്‍ നിന്നുമുണ്ടായ സിനിമയാണത്. വളരെ ലളിതമായാണ് വിഷയം പറയാന്‍ ശ്രമിച്ചത്.

മാംഗല്ല്യം തന്തുനാനേന എഴുതിയത് ടോണി മഠത്തില്‍ എന്ന പുതുമുഖ തിരക്കഥാകൃത്താണ്. ഞങ്ങള്‍ പഴയ സുഹൃത്തുക്കളാണ്. ബാംഗ്ലൂര്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ രാജിവെച്ച് സിനിമ എന്ന് പറഞ്ഞ് നാട്ടില്‍ നടക്കുമ്പോഴാണ് യാദൃശ്ചികമായി ആലിന്‍ചുവട് ബസ് സ്‌റ്റോപ്പില്‍ വെച്ച് ടോണിയെ കാണുന്നത്. രണ്ട് വര്‍ഷമായി ടോണിയും രാജി വെച്ച് എഴുത്തിന് പിറകെയാണെന്ന് അപ്പോഴാണ് അറിഞ്ഞത്. അതിനിടെ ഞങ്ങള്‍ ഒന്നിച്ച് ആശാനും ആശാത്തിയും എന്ന് പറഞ്ഞ വെബ് സീരീസ് ചെയ്തു. അങ്ങിനെയാണ് ടോണി എന്റെയടുത്ത് തിരക്കഥ വായിക്കാനായി തരുന്നത്. തിരക്കഥയുടെ ലളിത ശെലിയാണ് എന്നെ ആകര്‍ഷിച്ചത്. ഒരുപാട് ട്വിസ്റ്റുള്ള കഥ പറയാന്‍ ത്രില്ലാണ്. പക്ഷേ വളരെ ലളിതമായ കഥ പറയുക എന്നത് ഒരു വെല്ലുവിളിയാണ്. അതാണെന്നെ ആകര്‍ഷിച്ചത്.

. പുതുമുഖ സംവിധായിക, തിരക്കഥാകൃത്ത് അങ്ങിനെയിരിക്കെ നിര്‍മ്മാതാക്കളെ കണ്ടെത്തുക വലിയ വെല്ലുവിളി ആയിരുന്നില്ലേ?

. നാല് കൊല്ലം മുന്‍പ് തിരക്കഥ പൂര്‍ത്തിയായ സമയത്ത് ഞങ്ങള്‍ പലരെയും സമീപിച്ചു. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പഴമക്കാര്‍ പറയുന്നത് ശരിയായിരിക്കാം. മമ്മാസ് സാറിന്റെ സിനിമാ കമ്പനി എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ജോലി ചെയ്തത്. ആ സമയത്ത് ആന്റണി ചേട്ടന്‍ സെറ്റില്‍ വരുമ്പോള്‍ ഞാന്‍ ഓടി നടന്ന് പണിയെടുക്കുന്നത് കാണാറുണ്ട്. ആന്റണി ചേട്ടന്‍ നല്ലൊരു ഒബ്‌സര്‍വറാണ്. അങ്ങിനെയാകണം കഴിവുണ്ട്, സ്മാര്‍ട്ടാണ്, വര്‍ക്ക് ഔട്ട് ചെയ്യിക്കാം എന്ന് തോന്നിയത്. എട്ട് വര്‍ഷകാലം എന്റെ പരിശ്രമങ്ങള്‍ ആന്റണി ചേട്ടന്‍ കാണുന്നുണ്ട്. എപ്പോഴോ ഒരു തവണ ഒരു പരിപാടിക്കിടെ എന്നെ കണ്ടപ്പോള്‍ നിന്റെ അടുത്ത് നല്ല സബ്ജക്റ്റ് ഉണ്ടെങ്കില്‍ കൊണ്ടു വാ എന്ന് പറഞ്ഞു. അതൊരു ആറ് വര്‍ഷം മുന്‍പാണ്. പിന്നെയും രണ്ട് വര്‍ഷം കഴിയേണ്ടി വന്നു മാഗല്ല്യം ഒന്ന് സെറ്റ് ആക്കാന്‍. പിന്നെയാണ് ആന്റണി ചേട്ടനെ വിളിച്ചത്. കഥ വായിക്കാന്‍ ചെന്നപ്പോള്‍ ചേട്ടനും ചേട്ടന്റെ ഭാര്യയുമിരിക്കുന്നു. ആഞ്ജലീന മേരി ആന്റണി നിര്‍മ്മാതാക്കളിലൊരാളാണ്. രണ്ടുപേരും ഇരുന്ന് കഥ കേട്ട് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. തിരക്കഥ പോലെ തന്നെ സിനിമ ഇറങ്ങിയാല്‍ ഹിറ്റാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആന്റണി ചേട്ടന്‍ സിനിമ എടുക്കാന്‍ തീരുമാനിച്ചത്.

പലരെയും സിനിമയുമായി സമീപിച്ചപ്പോള്‍ നീ ചെറുതല്ലേ നിനക്ക് സമയമുണ്ടല്ലോ എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്. ആന്റണി ചേട്ടന്‍ തിരക്കഥയിലും എന്നിലുമര്‍പ്പിച്ച വിശ്വാസമാണ് ഈ സിനിമ. എല്ലാവര്‍ക്കും പുതുമുഖങ്ങളോട് പൊതുവേ ആശങ്കയുണ്ടാകും. കാരണം ഒന്നും രണ്ടും രൂപയുടെ കാര്യമല്ല. കോടികളുടെ നിക്ഷേപമാണ്. അപ്പോള്‍ ആ പണത്തെ പറ്റി എന്തായാലും ആധി കാണും. അതെല്ലാം സിനിമയുടെ ഭാഗമാണ്. യുനൈറ്റഡ് ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് മീഡിയ അമേരിക്ക ആസ്ഥാനമായ ഒരു പറ്റം പ്രൊഫഷണല്‍സ് അടങ്ങുന്ന ടീമാണ്. ഡോക്ടര്‍ സക്കറിയ തോമസ് നയിക്കുന്ന ഈ ടീമിന്റെ പാര്‍ട്ണറാണ് ആന്റണി ചേട്ടന്‍. പ്രിന്‍സ്‌പോള്‍, ജിജോ, ശ്രീജിത്ത് ഇതിലുള്ള ഇവരെല്ലാം നല്ല പിന്തുണയായിരുന്നു നല്‍കിയത്. ആവശ്യമുള്ളതെല്ലാം കിട്ടുന്നുണ്ടോ എന്നെല്ലാം ഇവര്‍ അന്വേഷിക്കുമായിരുന്നു.

. വനിതാ സംവിധായിക എന്ന നിലയിലെ വെല്ലുവിളികള്‍?

. ആന്റണി ചേട്ടന്‍ എന്റൈ വളര്‍ച്ച കണ്ടിട്ടുണ്ട്. ഇവള്‍ ഒരു പെണ്‍കുട്ടിയാണ് ഇവളെ കൊണ്ട് പറ്റുമോ ഇല്ലയോ എന്നൊന്നും നോക്കിയിട്ടേയില്ല. സിനിമാ ഭ്രാന്ത് നന്നായുള്ളത് കൊണ്ട് ഏത് പാതിരായ്ക്കും സിനിമയ്ക്ക് വേണ്ടി പണിയെടുക്കുമെന്ന് അദ്ദേഹത്തിനറിയാം. പെണ്‍കുട്ടിയായത് കൊണ്ട് സമയം അസമയം അതൊന്നും ഒരു തടസ്സമേ ആയിരുന്നില്ല. ഞാനിതിനിടെ പഠിച്ച ഒരു കാര്യമിതാണ്.എന്ത് കാര്യം ചെയ്യാന്‍ പോകുമ്പോഴും. ചെയ്യാന്‍ പോകുന്ന വിഷയത്തില്‍ നമ്മള്‍ സമ്പൂര്‍ണനാണ് എന്നുണ്ടെങ്കില്‍,വ്യക്തതയുണ്ടെങ്കില്‍ നിങ്ങളാണ് ബോസ്. അത് പോലെ ഈ സിനിമയുടെ ഡീറ്റെയ്‌ലിംഗില്‍ എന്തെല്ലാം വേണമെന്നതിനെ കുറിച്ച് എനിക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു. ഒരു വനിതാ സംവിധായിക എന്നൊന്നുമെനിക്കറിയില്ല. എന്നെ സംബന്ധിച്ച് എനിക്ക് എളുപ്പമായിരുന്നു.

. വീട്ടില്‍ നിന്നുള്ള പിന്തുണ

. വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രമാണ്. ചേട്ടനുണ്ടായിരുന്നു മൂന്ന് കൊല്ലം മുന്‍പ് വിട്ടുപിരിഞ്ഞു. ഡിഗ്രി കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമ പഠിക്കാന്‍ പോയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് നിനക്കൊരു പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് കൈയ്യിലുണ്ട്. ആദ്യം എന്തെങ്കിലും ജോലി ചെയ്യൂ. അതിന് ശേഷം നിനക്കിഷ്ടമുള്ളത് ചെയ്യൂ എന്നാണ്. പക്ഷേ ജോലി കളഞ്ഞിട്ട് എങ്ങിനെയെങ്കിലും സിനിമയിലെത്തുക എന്ന ആഗ്രഹമായിരുന്നു ഉള്ളില്‍. ജോലി രാജി വെച്ച് സിനിമയിലെത്തിയത് മുതല്‍ അവര്‍ക്കും മനസ്സിലായി പിടിച്ചാല്‍ കിട്ടില്ലെന്ന്.

ജോലി രാജി വെച്ച് ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ സിനിമയിലേക്കുള്ള വഴിയേതാണെന്ന് എനിയ്ക്കറിയില്ല. പലരേയും വിളിച്ചു, മെസേജ് അയച്ചു. പക്ഷേ ഒന്നും നടന്നില്ല. പിന്നെ എനിയ്ക്ക് യാത്ര ഇഷ്ടമാണ്. ആറ് മാസത്തോളം പല സുഹൃത്തുക്കളുടേയും വീടുകളിലേക്ക് യാത്രകള്‍ ചെയ്തു. കേരളം കണ്ട് മതിയാവൊത്താരാളാണ് ഞാന്‍. അങ്ങിനെ അട്ടപ്പാടിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് സിനിമയിലേക്ക് വഴി തുറന്നത്. എന്റെ ഫ്രണ്ടിന്റെ ഹസ്ബന്റ് മമ്മാസിന്റെ കസിനാണ്. എന്റെ ഭ്രാന്ത് മനസ്സിലായിട്ട് ഗൗതമാണ് മമ്മാസിനടുത്തേക്ക് പറഞ്ഞു വിടുന്നത്. ആ സമയത്ത് സിനിമാ കമ്പനി തുടങ്ങുകയാണ്. അദ്ദേഹം എന്നോട് സംസാരിച്ചതിന് ശേഷം സിനിമയിലേക്ക് അവസരമൊരുങ്ങി.

. ഭാവി സിനിമകള്‍

. ഞാന്‍ തന്നെ എന്റെ തലയില്‍ കയറ്റിവെച്ച എട്ട് പ്രൊജക്റ്റുകളെങ്കിലും ഉണ്ട്. കലാകാരന്‍മാരും കലാകാരികളും പൊതുവേ സ്വപ്‌നജീവികളാണെന്ന് പറയും. പ്രായോഗിക ബുദ്ധിയില്ലാത്തവരാണെന്ന് പറയാറുണ്ട്. പക്ഷേ അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ രക്ഷിതാക്കളോടാണ്. എന്റെ അമ്മ വളരെ പ്രാക്ടിക്കലായിട്ടുള്ള വ്യക്തിയാണ്. ഓരോ പൈസയ്ക്കും കണക്ക് വെയ്ക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് എന്താകണമെന്ന് പ്ലാന്‍ ചെയ്ത് ജീവിക്കുന്ന ആളാണ്. എനിക്കും അത് കുറച്ച് കിട്ടിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ളത് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ശ്രമിക്കും. പക്ഷേ എന്റെ സബ്ജക്‌റ്റെല്ലാം വലിയ ബജറ്റിലുള്ളതാണ്. അതുമായി ഒരു എന്‍ട്രി പറ്റില്ല എന്ന് എനിക്കുറപ്പുള്ളത് കൊണ്ടാണ് ഞാന്‍ പ്രാക്ടിക്കലായിട്ടുള്ള സിനിമയ്ക്ക് പറ്റിയ തിരക്കഥ തെരഞ്ഞെടുത്തത്. ഇതൊരു ബിഗ് ഹിറ്റാകുമ്പോള്‍ സ്വാഭാവികമായും എനിക്ക് നിര്‍മ്മാതാക്കളെ സമീപിക്കാനാവും.

. സിനിമയല്ലാതെ ഇഷ്ടം

. സിനിമയാണ് എല്ലാം. പിന്നെ വായനയും യാത്രയും ഇഷ്ടമാണ്. വേറെ ആര്‍ക്കും ചെലുത്താനാകാത്ത സ്വാധീനം പ്രകൃതിക്ക് എന്നില്‍ ചെലുത്താനാകാറുണ്ട്.

. സൗ എന്ന് അറിയപ്പെടുന്നത്?

. സൗ എന്നാല്‍ സൗമ്യ. എന്റെ അടുത്ത സുഹൃത്തുക്കള്‍ സൗ എന്ന് വിളിക്കും. സൗമി എന്ന് വിളിക്കുന്നവരുണ്ട്. സൗസ എന്ന് വിളിക്കുന്നവരുണ്ട്. പല പല പെറ്റ് നെയിംസ് ഉണ്ട്. ഭൂരിപക്ഷം ആള്‍ക്കാരും സൗ എന്നാണ് വിളിക്കുന്നത്. എല്ലാവര്‍ക്കും സൗമ്യ എന്ന പേര് കാണും. അങ്ങിനെയിരിക്കുമ്പോള്‍ കപ്പ ടിവിയിലെ പ്രോഗ്രാമിന് സുമേഷ് ലാല്‍ സാറാണ് പറയുന്നത് ‘സൗ’എന്ന് ഉപയോഗിക്കാമെന്ന് പറഞ്ഞത്. ആളുകള്‍ക്ക് എളുപ്പം സ്വീകാര്യമാവാന്‍ വേണ്ടിയാണ് സ്‌ക്രീന്‍ നെയിം സൗ ആകുന്നത്. എന്നെ ഇഷ്ടപ്പെടുന്നലര്‍ സൗ എന്നാണ് വിളിക്കുന്നത്.

. സ്വന്തം സിനിമകളെ കുറിച്ച് പറഞ്ഞത് കൊണ്ടാണ് ചോദ്യം എഴുതുമോ?

. ഒരു ത്രെഡ് ഉണ്ടാക്കാനും. അത് വികസിപ്പിക്കാനും എനിക്കിഷ്ടമാണ്. ആ കാര്യത്തില്‍ എന്റേതായ സംഭാവനകള്‍ നല്‍കാം. സംഭാഷണത്തില്‍ ഞാന്‍ അത്ര പോരെന്നാണ് തോന്നുന്നത്. നോക്കാം.