”മീ ടൂ..! എന്റെ ദൈവമേ..” യുവനടിയുടെ ആരോപണത്തിന് സരസമായ മറുപടിയുമായി സിദ്ദിഖ്..

തിയേറ്ററില്‍ വച്ച് മോശമായി പെരുമാറിയെന്ന യുവനടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനോട് സരസമായ പ്രതികരണവുമായാണ് നടന്‍ സിദ്ദിഖ് രംഗത്തെത്തിയത്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വീഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചാണ് ‘മീ ടൂ’ വിഷയത്തില്‍ താരം പ്രതികരിച്ചത്. 2006ല്‍ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.

നടിയുടെ ആരോപണത്തോട് സരസമായായിരുന്നു താരത്തിന്റെ മറുപടി. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുവതിയോട് ‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് ‘മീ ടൂ’ എന്നു പറയുന്നു. യുവതി പറയുന്ന ‘മീ ടൂ’, ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാംപെയ്‌നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹാഷ്ടാഗല്ലാതെ മറ്റു അടിക്കുറിപ്പുകളൊന്നും തന്നെ വിഡിയോയ്ക്ക് അദ്ദേഹം നല്‍കിയിട്ടില്ല.

അതേസമയം ഈ ആരോപണത്തെക്കുറിച്ച് സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ് : ഞാന്‍ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല.