അമുദന്റെ അതിഥിയായി പാപ്പായും കുടുംബവും..വൈറലായി ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രം പേരന്‍പ് മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് ‘അമുദന്റെ’ മകള്‍ ‘പാപ്പ’യായി അഭിനയിച്ച സാധനയും. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രത്തിന്റെ വൈകാരികതകളെ മനോഹരമായാണ് സാധന ആവിഷ്‌കരിച്ചത്. ചിത്രം വിജയം നേടുന്ന സന്തോഷത്തിനിടെ സാധന കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി. മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം നില്‍ക്കുന്ന സാധനയുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും അനുഭവം പങ്കിട്ടിരിക്കുന്നത്.

ശങ്കരനാരായണന്‍ വെങ്കടേഷിന്റെ കുറിപ്പ്

‘ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള ഒരു നന്ദി പ്രകടനമാണ്, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തിനോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു..’

error: Content is protected !!