സിനിമ ഹിറ്റായാല്‍ നടിക്ക് ആ വിജയത്തില്‍ ഒരു പങ്കുമുണ്ടാകുമായിരുന്നില്ല ; മഞ്ജുവിനെ പിന്തുണച്ച് റിമ

ഒടിയന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് റിമ കല്ലിങ്കലിന്റെ പ്രതികരണം.

സിനിമ ഹിറ്റാണെങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല, ഉറപ്പ് എന്നും ഒപ്പം #justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തായിരുന്നു റിമയുടെ പ്രതികരണം.

കുറിപ്പിനെതിരെ പ്രതിഷേധവും പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സ്ത്രീപ്രാധാന്യമുളള നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം ആ ചിത്രങ്ങളില്‍ അഭിനയിച്ച നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്ന ചോദ്യവുമായി നിരവധി പേര്‍ റിമയ്‌ക്കെതിരെയും രംഗത്തുണ്ട്.