രണ്ടാമൂഴം കേസ് : തിരക്കഥ തിരികെ നല്‍കണമെന്ന മുന്‍സിഫ് കോടതിയുടെ ഉത്തരവിന് ജില്ലാ കോടതിയുടെ സ്‌റ്റേ

രണ്ടാമൂഴം സിനിമയുടെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ക്ക് തിരികെ നല്‍കണമെന്ന കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ് ജില്ലാ കോടതി സ്‌റ്റേ ചെയ്തു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ലാ കോടതിയുടെ നടപടി. അതേസമയം തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയ മുന്‍സിഫ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കും. അതിനാല്‍ തന്നെ ശ്രീകുമാര്‍ മേനോന് തിരക്കഥ ഉപയോഗിക്കാന്‍ സാധിക്കില്ല.

കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.മധ്യസ്ഥന്റെ ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകട്ടെയെന്നും കോടതി അറിയിക്കുകയായിരുന്നു. എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.

തിരക്കഥ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് എം ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ അവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. നിര്‍മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഒക്ടോബര്‍ 10ന് ആണ് എംടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ശ്രീകുമാറിനും നിര്‍മ്മാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു.