തന്റെ മൂന്നാമത്തെ ചിത്രവുമായി രാജീവ് മേനോന്‍,സര്‍വ്വം താള മയം തിയേറ്ററുകളിലേക്ക്…

നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജീവ് മേനോന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു. ജി.വി.പ്രകാശ് നായകന്‍ ആകുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തില്‍ യുവനടി അപര്‍ണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. രാജീവ് മേനോന്‍ എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്.

റഹ്മാനുമൊത്തുള്ള കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാണ് രാജീവ് മേനോന്‍ സമ്മാനിച്ചത്. രാജീവ് സംവിധാനംചെയ്ത മിന്‍സാരകനവ് (1997), കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ (2000) എന്നിവയിലും റഹ്മാനായിരുന്നു സംഗീതം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ ഗുപ്തനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജീവായിരുന്നു. മുന്‍നിര കഥാപാത്രമായി അദ്ദേഹം അഭിനയിച്ച ഏക ചിത്രമായിരുന്നു അത്.

നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി, കുമാരവേല്‍, ശാന്ത ധനഞ്ജയന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രവി യാദവ് ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലര്‍ ഒരാഴ്ച്ച മുമ്പ് റിലീസ് ചെയ്തിരുന്നു. 31ാമത് ടോക്യോ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം ഡിസംബര്‍ 21ന് തമിഴ്, തെലുങ്ക് പതിപ്പുകളിലായി ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.