അപമര്യാദയായി പെരുമാറിയ ബസ്സ് ക്ലീനറുടെ മുഖത്തടിച്ചു; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍. ബസില്‍ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനറെ തല്ലിയിട്ടുണ്ടെന്ന് രജിഷ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തല്‍.

രജിഷയുടെ വാക്കുകള്‍;

”ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ്. ബസില്‍ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായ രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല.

അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച വെച്ചു. ഉടനെ അയാള്‍ കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന ഭാവത്തില്‍ കണ്ണുരുട്ടാന്‍ തുടങ്ങി. പ്രതികരിച്ച എന്റെ നേരെയും അയാള്‍ തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു. അടിച്ചു, ഞാനയാളെ. തെറ്റു കാണുമ്പോള്‍ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

പിന്നെ ആളുകള്‍ കൂടി. ബസ് നിര്‍ത്തി. കിളിയെ ഇറക്കിവിട്ടു. വീണ്ടും മുമ്പോട്ടു പോയി. കുറച്ചു സ്‌റ്റോപ്പുകള്‍കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാന് പറഞ്ഞു മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടന്ന്‌ പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള്‍ നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് തോന്നിയിട്ടുള്ളതെന്നും രജിഷ പറയുന്നു.