മലയാള സിനിമയിലേക്ക് ഒരു പുതുമുഖ നായികകൂടി…

2013ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ബ്യാരി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അല്‍ത്താഫ് ഹുസൈന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വരി’. പ്രശസ്ത നാടക സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന ‘വരി’യില്‍ നായികയായി എത്തുന്നത് ബോംബെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഡലും, നടിയുമായ രച്‌ന ആര്‍ ഷേളാര്‍ ആണ്. ബോംബയിലെ നാടക പ്രവര്‍ത്തനങ്ങളിലൂടെ പരസ്യ രംഗത്തേക്ക് പ്രവേശിച്ച രച്‌ന മലബാര്‍ ഡവലപ്പേഴ്‌സിന്റെ അടക്കമുള്ള നിരവധി പരസ്യ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘വരി’യില്‍ കേന്ദ്രകഥാപാത്രമായ കാശ്മീരി പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നതില്‍ വലിയ പ്രതീക്ഷയിലാണ് രച്‌ന.

വധശിക്ഷയുടെ നൈതികപ്രശ്‌നങ്ങളാണ് വരിയെന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇതാദ്യമായാണ് കാശ്മീരി ജീവിതങ്ങളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മലയാള സിനിമയില്‍ ചര്‍ച്ചയാവുന്നത്. ഷാഹുല്‍ അലിയാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നായക കഥാപാത്രമായ ജയില്‍ സൂപ്രണ്ടിന്റെ വേഷം ബാബു അന്നൂര്‍ അവതരിപ്പിക്കും.

എഴുപതോളം സിനിമകളില്‍ അഭിനയിച്ച ബാബു അന്നൂരിന്റെ ആദ്യ നായക വേഷമാണിത്. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂരും സജിത മഠത്തിലും ചിത്രത്തിലെത്തുന്നുണ്ട്. സുനില്‍ സുഖത, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ ചെങ്ങല്‍, ഉണ്ണിരാജ്, മനോജ് കാന തുടങ്ങിയ നിരവധി താരങ്ങള്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജലീല്‍ ബാദുഷയാണ് ഛായാഗ്രഹണം. ചമയം ലാലു കൂട്ടാലിടയും, വേഷവിധാനം ഷാഹുല്‍ ഹമീദും നിര്‍വ്വഹിക്കും. ജൂലായ് മാസം ചിത്രം തിയ്യേറ്ററുകളിലെത്തും.

error: Content is protected !!