‘മുഖമെഴുത്തിന്റെ 47 വര്‍ഷങ്ങള്‍” മനസ്സ് തുറന്ന് പി വി ശങ്കര്‍

വെള്ളയും കറുപ്പും നിറഞ്ഞ സെല്ലുലോയ്ഡിന്റെ കാഴ്ച്ചകള്‍ മഴവില്‍ വര്‍ണങ്ങളിലേക്ക് മാറിയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു മനുഷ്യനുണ്ട് മലയാള സിനിമയില്‍. വെള്ളിത്തിരയില്‍ 47വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അവിടെയാണ് മലയാളത്തിന്റെ താരങ്ങളുടെ മുഖത്തെഴുത്തച്ഛന്‍ നാല്‍പത്തിയേഴ് വര്‍ഷത്തിനിടെ 526 ചിത്രങ്ങളുമായി ഇപ്പോഴും സജീവമായി തിളങ്ങുന്നത്. 1971-ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രം ചെയ്യാന്‍ വന്ന മമ്മൂട്ടിയുടെ മുഖത്ത് വിയര്‍പ്പ് തളിച്ച് തുടങ്ങിയ സിനിമാ യാത്ര അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രണയ കഥയില്‍ വരെ എത്തി നില്‍ക്കുന്നു. ചമയം പി.വി ശങ്കര്‍ എന്ന വെള്ളയും കറുപ്പും എഴുത്തിന് പകരം മെയ്ക്ക് അപ്പ് പി.വി ശങ്കര്‍ എന്ന് മാറിയതൊഴിച്ചാല്‍ യാത്ര തുടങ്ങിയതെങ്ങിനെയാണോ അങ്ങിനെ തന്നെയാണിന്നും പി.വി ശങ്കര്‍.

.മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മെയ്ക്ക് അപ്പ് മാന്‍

.ഒരു പക്ഷേ ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ മെയ്ക്ക് അപ്പ് ചെയ്തതിന് റെക്കോര്‍ഡുണ്ടെങ്കില്‍ അതെനിക്ക് കിട്ടുമെന്ന് തമാശയായി പറഞ്ഞാണ് ശങ്കര്‍ സെല്ലുലോയ്ഡിനോട് സംസാരിച്ച് തുടങ്ങിയത്. നമ്മുടെ ഭാഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ സിനിമയില്‍ നിന്ന് ചവിട്ടിയരച്ച് കളയും. നല്ല മനസ്സുകൊണ്ടാകും പിടിച്ച് നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്ന് ശങ്കര്‍. മോഹന്‍ലാലുമൊന്നിച്ച് പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ യാത്ര തുടങ്ങിയതാണ് ശങ്കര്‍. കാസിനോവയാണ് അവസാനമായി ഒന്നിച്ച ചിത്രം.
പണ്ടൊന്നും താരങ്ങളുടെ കൂടെ മെയ്ക്ക് അപ്പ് ആര്‍ടിസ്റ്റ് ഇല്ലായിരുന്നു. ഇപ്പോഴാണ് അതൊക്കെ തുടങ്ങിയത്. ഫെയ്‌സ് ടു ഫെയ്‌സ് എന്ന മമ്മൂട്ടി ചിത്രമായിരുന്നു ശങ്കറിന്റെ അഞ്ഞൂറാമത്തെ ചിത്രം. ചരിത്രം, ദ്രോണ എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ മെയ്ക്ക് അപ്പാണ് ശങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ടത്. സംവിധായകന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് മെയ്ക്ക് അപ്പ് ഒരുക്കേണ്ടതെന്ന് ശങ്കര്‍ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞു വെയ്ക്കുന്നു. മമ്മൂട്ടി ഭയങ്കര റഫാണെന്ന് എല്ലാവരും പറയുന്നത് വെറുതെയാണെന്നും പാവമാണെന്നുമാണ് ശങ്കറിന്റെ പക്ഷം. ‘എടുത്ത് ചാട്ടക്കാരനാണെന്നേയുള്ളൂ…അതൊരു ക്യാരക്റ്ററാണ്. കൂടുതല്‍ സ്‌നേഹം ഉള്ളവര്‍ക്കേ ഇങ്ങിനെ പെരുമാറാന്‍ പറ്റൂ. എപ്പോഴും ചിരിച്ച് കാണിച്ച് പിന്നില്‍ നിന്ന് കുത്തുന്നവരുണ്ട്…അത് പോലെയല്ല മമ്മൂട്ടി- ശങ്കര്‍ പറഞ്ഞു വെയ്ക്കുന്നു.

.മെയ്ക്ക് അപ്പിന്റെ ഗുരുനാഥന്‍

.മലയാള സിനിമയില്‍ ഇന്നുള്ള മിക്ക മെയ്ക്ക് അപ്പ് ആര്‍ടിസ്റ്റുകളുടെയും ഗുരുനാഥനാണ് ശങ്കര്‍. കാലഘട്ടത്തിന്റെ മാറ്റം മെയ്ക്ക് അപ്പിലും പ്രകടമാണെന്ന് ശങ്കര്‍. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് രണ്ട് ഇഞ്ച് കനത്തില്‍ മെയ്ക്ക് അപ്പ് ഇട്ടിരുന്നെങ്കില്‍ ഡിജിറ്റല്‍ കാലത്തിത് വേണ്ടെന്ന തിരിച്ചറിവാണ് ശങ്കറിന്റെ കരുത്ത്. ക്യാമറാമാന്റെ അഭിപ്രായത്തെ കൂടെ മുഖവിലയ്‌ക്കെടുത്താണ് മെയ്ക്ക് അപ്പ് ചെയ്യുന്നത്. മമ്മൂട്ടിയാണ് വിദേശത്തുള്ള മെയ്ക്ക് അപ്പ് മെറ്റീരിയല്‍സ് ഒക്കെ പരിചയപ്പെടുത്താന്‍ സഹായിക്കുന്നതെന്ന് പറയാന്‍ ശങ്കറിന് ഒരു മടിയുമില്ല. ‘മെയ്ക്ക് അപ്പ്’ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിയ്ക്കാനാവുന്നതല്ല. എക്‌സ്പീരിയന്‍സില്‍ നിന്നുമുണ്ടാകുന്നതാണത്. പണ്ടൊക്കെ സ്‌പെഷ്യല്‍ എഫക്റ്റ് പപ്പടം, മൈദ മാവ്, ചളി ഒക്കെ ഉപയോഗിച്ചാണ് ചെയ്തത്. പക്ഷേ ഇന്നിതിനെല്ലാം പുതിയ സാധനങ്ങള്‍ കിട്ടാനുണ്ട്.’ ശങ്കര്‍ പറയുന്നു

.രാശിയുള്ള മെയ്ക്ക് അപ്പ് മാന്‍

.ഇനിയുമൊരുപാട് സിനിമകളില്‍ ചായമിടാന്‍ കഴിയണേ എന്നുള്ള പ്രാര്‍ത്ഥനയോടെയാണ് പുതുമുഖങ്ങള്‍ മെയ്ക്ക് അപ്പ് ചെയ്യാനായി മുന്നിലിരിക്കുക. അങ്ങിനെയെങ്കില്‍ രാശിയുള്ള മെയ്ക്ക് അപ്പ് മാനാണ് ശങ്കറെന്നതിന് ആദ്യമായി അഭിനയിക്കാന്‍ വന്നവരുടെ പട്ടിക നോക്കിയാല്‍ മതി. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ബിജു മോനോന്‍,സലീം കുമാര്‍, നാദിര്‍ഷ, ദിവ്യാ ഉണ്ണി, കാവ്യ മാധവന്‍, ഭാമ, ഭാവന, മലര്‍വാടിയിലൂടെ അരങ്ങേറ്റം കുറിച്ച നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങീ തമിഴിലുമായി നിരവധി താരങ്ങള്‍ക്ക് ആദ്യ മുഖശ്രീ നല്‍കിയത് ശങ്കറാണ്. ഐശ്വര്യത്തിന് വേണ്ടി ജനുവരി ഒന്നിന് താന്‍ മെയ്ക്ക് അപ്പ് ചെയ്യണമെന്നാഗ്രഹിച്ച് സെറ്റില്‍ വരുന്നവരുണ്ടെന്ന് ശങ്കര്‍.

.എന്താണ് മെയ്ക്ക് ഓവര്‍

എന്താണ് മെയ്ക്ക് ഓവര്‍ എന്ന് ചോദിച്ച് ചിരിക്കുകയാണ് ശങ്കര്‍. മെയ്ക്ക് ഓവര്‍ എന്നത് ബ്യൂട്ടിഷ്യന്‍സ് ഉണ്ടാക്കിയെടുത്ത ഒരു വാക്കാണ്. ആദ്യം ചമയമായിരുന്നു. പിന്നീട് മെയ്ക്ക് അപ്പായി ഇപ്പോള്‍ മെയ്ക്ക് ഓവറും. സീന്‍ നമ്പര്‍ 7 എന്ന സിനിമയില്‍ ടി.ജി രവിയുടെ കഥാപാത്രം ഗുരുവായൂര്‍ അമ്പലത്തിന്റെ മുന്നിലൊക്കെ കാണുന്ന പോലുള്ള കുളിക്കാത്ത ഒരു വല്ലാത്ത രൂപമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഗുരുവായൂര്‍ അമ്പലത്തിന്റെ മുന്നില്‍ പോയി അങ്ങിനെയുള്ള ഒരാളുടെ ഫോട്ടോയെടുത്താണ് ശങ്കര്‍ അതിനായി മെയ്ക്ക് അപ്പ് ചെയ്തത്. മെയ്ക്ക് അപ്പ് ചെയുമ്പോള്‍ താരങ്ങള്‍ ഏത് ബ്രാന്റാണെന്നൊക്കെ ചോദിയ്ക്കാറുണ്ട്. നല്ലതേ ഉപയോഗിക്കാറുള്ളൂ. വിദേശ മെറ്റീരിയല്‍സ് ആവശ്യപ്പെടുന്നവരുണ്ട്. അത് ആ നാട്ടിലെ കാലവസ്ഥയ്ക്ക് യോജിച്ചതാണെന്നും. ഇവിടെ വെയിലത്ത് അത് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടുപോകുമെന്നുമാണ് ശങ്കറിന്റെ അനുഭവം. ഇന്ത്യ എന്ന ബ്രാന്റ് കാണുമ്പോള്‍ ഇഷ്ടപ്പെടാത്തവരുണ്ട്. അവര്‍ക്കായി ശങ്കര്‍ ഫോറിന്‍ മെറ്റീരിയല്‍സും ഉപയോഗിക്കും.

നാല്‍പ്പത്തിയേഴ് വര്‍ഷം പല താരങ്ങളുടെ മുഖം മിനുക്കിയ അനുഭവത്തിനിടെ അഴകിയ രാവണന്‍, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തുടങ്ങീ ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും ശങ്കര്‍ മുഖം കാണിച്ചു. എത്ര കഷ്ടപ്പെട്ടാലും അണിയറയിലൊതുങ്ങി പോകുന്നതില്‍ വിഷമമുണ്ടോ എന്ന് ‘തിക്കുറിശ്ശി ചേട്ടന്‍ ചോദിക്കുമായിരുന്നു. ബുദ്ധിയുള്ളവരൊക്കെ ക്യാമറയുടെ പിറകിലാണ് ഉണ്ടാവുക’ എന്ന മറുപടിയാണ് ചിരിച്ച് കൊണ്ട് ശങ്കര്‍ നല്‍കിയത്. പഴയകാല അവസ്ഥ മാറിയിട്ടുണ്ട് ഇന്ന് അണിയറയിലുള്ളവരും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ശങ്കര്‍.

ആറ് വര്‍ഷം തുടര്‍ച്ചയായി ഒരു വര്‍ഷം 12 ചിത്രം എന്ന രീതിയില്‍ പ്രവര്‍ത്തിച്ച മെയ്ക്ക് അപ്പ് മാനാണ് ശങ്കര്‍. മെയ്ക്ക് അപ്പിന് അവാര്‍ഡ് നല്‍കണമെന്ന് ആദ്യമായി ശബ്ദമുയര്‍ത്തിയതും ശങ്കറാണ്. ‘അതുകൊണ്ടായിരിക്കും എനിയ്ക്ക് ഇതു വരെ തനിയ്ക്ക് അവാര്‍ഡ് തരാത്തതെന്ന്’ ശങ്കര്‍. ഒരു യമണ്ടന്‍ പ്രണയ കഥ, മേരാനാം ഷാജി, പിഷാരടി -മമ്മൂട്ടി ചിത്രം, നാദിര്‍ഷ -മമ്മൂട്ടി ചിത്രം തിരക്കില്‍ തന്നെയാണ് ശങ്കര്‍. ഇതില്‍പരം എന്ത് അവാര്‍ഡാണ് 47 വര്‍ഷമായി വെള്ളിത്തിരയില്‍ ചായമിടുന്ന ഈ മനുഷ്യന് മലയാള സിനിമ നല്‍കാനുള്ളത്.