നിത്യഹരിത നായകന്‍ മണ്‍മറഞ്ഞിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 30 വര്‍ഷം. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1927 ഏപ്രില്‍ ഏഴിനാണ് ജനനം. 1952ല്‍ പുറത്തിറങ്ങിയ മരുമകളിലൂടെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ്, അബ്ദുള്‍ ഖാദറിനെ പ്രേം നസീറാക്കുന്നത്.

ഇരുട്ടിന്റെ ആത്മാവ്, കളളിച്ചെല്ലമ്മ, ധ്വനി, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1950കളിലാണ് താര പരിവേഷത്തിലേക്കുള്ള നസീറിന്റെ ഉയര്‍ച്ച. 1967ല്‍ പുറത്തിറങ്ങിയ എംടി വാസുദേവന്‍നായരുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീര്‍ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്‌ക്കൊപ്പമായിരുന്നു. 130 ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. നസീറിന് രാജ്യം, പദ്മഭൂഷണ്‍ പത്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു. 1989 ജനുവരി 16ന്, 62ാമത്തെ വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്.