‘പ്രാണ’ ആസ്വദിച്ച് അനുഭവിക്കേണ്ട ചിത്രം- മൂവീ റിവ്യൂ

വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം’പ്രാണ’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നിത്യാ മേനോന്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പ്രാണയിലൂടെ. ഒരൊറ്റ കഥാപാത്രത്തിനെ ചുറ്റിപറ്റി വികസിക്കുന്ന കഥ, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യം, ലൈവ് സറൌണ്ട് സിങ്ക് എന്നിവയെല്ലാമാണ് പ്രാണയുടെ പ്രത്യേകതകള്‍.

താര അനുരാധ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയുടെ വേഷമാണ് നിത്യ ‘പ്രാണ’യില്‍ കൈകാര്യം ചെയ്യുന്നത്. ‘മ്യൂസിക് ഓഫ് ഫ്രീഡം’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം താര നടത്തുന്ന പത്ര സമ്മേളനത്തോടെയാണ് സിനിമ തുടങ്ങുന്നത്.
ടെലിവിഷനില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് ‘പ്രേതഭവനം’ എന്നറിയപ്പെടുന്ന വീടിനെ കുറിച്ച് താര അറിയുന്നത്. പ്രേതബാധയുണ്ടെന്ന കാരണം പറഞ്ഞ് ആരും ആ വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ തയ്യാറാകുന്നില്ലെന്ന വാര്‍ത്ത കാണുന്ന താര, തന്റെ സുഹൃത്തിനെ വിളിച്ച് തനിക്ക് ആ വീട് വേണം എന്ന് ആവശ്യപ്പെടുന്നു. അവിടെ താമസിക്കാനെത്തുന്ന താര, വീടു മുഴുവന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അവിടെ പ്രേതമില്ലെന്ന് തെളിയിക്കാനുള്ള താരയുടെ ശ്രമങ്ങളാണ് അതെല്ലാം. പിന്നീട് താരയ്ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. രണ്ട് മണിക്കൂറോളം പ്രേക്ഷകരെ മറ്റ് അഭിനേതാക്കളൊന്നുമില്ലാതെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ നിത്യയ്ക്ക് കഴിഞ്ഞു.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് ‘പ്രാണ’. തുടക്കം മുതലേ പേടിപ്പിച്ച് തുടങ്ങുന്നുണ്ട് ചിത്രം. ഇന്ത്യയിലെ മുതിര്‍ന്ന ഛായാഗ്രാഹകരില്‍ ഒരാളായ പി സി ശ്രീറാം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.’ലൈവ് സറൌണ്ട് സിങ്ക് സൗണ്ട്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘പ്രാണ’യുടെ ശബ്ദവിന്യാസം നടത്തിയിരിക്കുന്നത്. ഓരോ ശബ്ദവും ഏറ്റവും മികവോടെ ഒപ്പിയെടുത്ത്, അവതരിപ്പിച്ചു കൊണ്ട് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തന്റെ പ്രതിഭ ഒന്ന് കൂടി തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. രതീഷ് വേഗയുടെ സംഗീതവും മികവ് പുലര്‍ത്തി. തീര്‍ച്ചയായും തിയേറ്ററില്‍ പോയി കണ്ട്, അനുഭവിക്കേണ്ട ചിത്രമാണ് ‘പ്രാണ’.

error: Content is protected !!