പിങ്ക് റീമേക്കില്‍ അജിത്ത് നായകന്‍

ബോളിവുഡ് ചിത്രം പിങ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അഭിഭാഷകന്റെ വേഷത്തില്‍ സൂപ്പര്‍താരം അജിത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്. വിനോദാണ് സംവിധായകന്‍. നേരത്തെ ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അതിഥി വേഷം തമിഴില്‍ അവതരിപ്പിച്ചത് അജിത്തായിരുന്നു.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ചിത്രം നിര്‍മ്മിക്കും.തമിഴിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കും. എ.ആര്‍. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക്, റിലീസ് ചെയ്തത് 2016ലാണ്. തപ്‌സി പാനുവാണ് ബച്ചനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. തപ്‌സി തന്നെ തമിഴിലും അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.