‘പേട്ട’യുടെ പൊടിപൂരവുമായി ‘സ്റ്റൈല്‍ മന്നന്റ’ രണ്ടാം വരവ്…

ഏറെ കാത്തിരിപ്പിനൊടുവില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ പഴയ എനര്‍ജിയും ആക്ഷനുകളുമായി പേട്ടയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ആരാധകര്‍. തന്റെ കരിയറിലെ മികച്ച ഒരു ബ്ലോക്ക് ബസ്റ്റര്‍ കൂടി എത്തുന്നതിന്റെ സൂചനയുമായാണ് രജനി ഇത്തവണയും എത്തിയിരിക്കുന്നത്. പൊങ്കലിന് ആരാധകര്‍ക്കൊരുത്സവമായെത്തിയ പേട്ടയുടെ സെല്ലുലോയ്ഡ് മൂവി റിവ്യൂവിലേക്ക്…..

പ്രേക്ഷകരുടെ മനം കീഴടക്കിയ പഴയ എവര്‍ഗ്രീന്‍ രജനീകാന്തിനെയാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ‘പേട്ട’യിലൂടെ പുനസൃഷ്ടിച്ചിരിക്കുന്നത്. ഏറെ കുറയാതെ പോയ ഒരു കഥയുടെ പിന്‍ബലം കൊണ്ടും താര സാന്നിധ്യം കൊണ്ടും മികച്ച പശ്ചാത്തല സംഗീതം കൊണ്ടും ഒരിക്കിയിരിക്കുന്ന ‘പേട്ട’ രജനി കാന്തിന്റെ മറ്റൊരു മികച്ച എന്റര്‍റ്റെയ്‌നര്‍ ചിത്രമാണ്. ‘ഭാഷ’ എന്ന ചിത്രത്തിന് 24 വയസ്സ് തികയുന്ന വേളയില്‍ ഒരു രജനി ആരാധകന് കിട്ടാവുന്ന നല്ലൊരു വിരുന്ന് തന്നെയാണ് ഈ ചിത്രം.

താരസാന്നിധ്യം തന്നെയാണ് പേട്ടയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിജയ് സേതുപതിയും ത്രിഷയും സിമ്രാനും ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖും രജനിക്കൊപ്പം അണിനിരന്നപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് പതിന്മടങ്ങായി. എന്നാല്‍ ആദ്യാവസാനം വരെ രജനി ഫാനായ കാര്‍ത്തിക് സുബ്ബരാജിന് തന്റെ പ്രിയ താരത്തിന് പ്രാധാന്യം നല്‍കാനും സാധിച്ചു.

ഊട്ടിയിലെ ഒരു കോളേജ് പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ചിത്രത്തില്‍ അവിടുത്തെ ഹോസ്റ്റല്‍ വാര്‍ഡനായെത്തുന്ന രസികനായ ‘പേട്ടവേല്‍’ എന്ന കഥാപാത്രമായാണ് രജനിയുടെ കടന്നുവരവ്. തന്റെ സാന്നിധ്യം കൊണ്ട് കോളേജിലെ അച്ചടക്കം തിരിച്ച് പിടിക്കുന്ന രജനി പിന്നീട് കോളേജില്‍ ഒരു താരമാവുകയാണ്. എന്നാല്‍ തന്റെ വരവിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പിന്നാലെ വെളിപ്പെടുന്നതോടെ കഥയുടെ ചുരുളഴിയുകയാണ്. ഒരു ഹൈന്ദവ ഫാസിസ്റ്റ് കക്ഷി നേതാവായി നവാസുദ്ദീന്‍ സിദ്ദിഖും അയാളുടെ മകനായി വിജയ് സേതുപതിയും ചിത്രത്തില്‍ വില്ലന്‍ വേഷങ്ങളിലെത്തുന്നു. കോളേജിലെ ഒരു വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന യുവതീ-യുവാക്കളെ അക്രമിക്കാന്‍ നേതൃത്വം കൊടുക്കുന്നയാളായാണ് വിജയ് സേതുപതിയുടെ ‘ജിത്തു’ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ. പിന്നീട് ചിത്രത്തിലെത്തുന്ന സിമ്രാന്റെയും ഫ്്‌ളാഷ് ബാക്ക് രംഗങ്ങളിലെത്തുന്ന തൃഷയുടെയും കഥാപാത്രങ്ങള്‍ ചിത്രത്തിന് ചലനം നല്‍കുന്നുണ്ട്.

എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ് ചിത്രത്തിലെ സംഗീതം. അനിരുദ്ധിന്റെ ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് അര്‍ഹമായ ചടുലത നല്‍കിയിട്ടുണ്ട്. നടന്‍ ധനുഷ് വരികളെഴുതിയ ഇളമൈ തിരുമ്പ്‌തേ എന്ന ഗാനവും പ്രേക്ഷകരുടെ മനസ്സില്‍ ഒരു തണുപ്പേകുന്നുണ്ട്.

തിരുനാവക്കറസിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഒരു കളര്‍ഫുള്‍ വിഷ്വല്‍ സ്‌റ്റൈലേസേഷനാണ് നല്‍കിയിരിക്കുന്നതെങ്കിലും ആദ്യ ഭാഗങ്ങളിലും രജനികാന്തിന്റെ വേഷത്തിലും ചില സമയങ്ങളില്‍ അനുഭവപ്പെടുന്ന ഒരുതരം കൃത്രിമത്വം ചിത്രത്തിലെ ചില രംഗങ്ങള്‍ക്ക് ഒരു പൂര്‍ണത നല്‍കുന്നില്ല. എന്നാല്‍ വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും പീറ്റര്‍ ഹെയ്‌നിന്റെ സ്റ്റണ്ട് രംഗങ്ങളും ചിത്രത്തിന് ഒരു ഷാര്‍പ് ഫിനിഷിങ്ങ് നല്‍കുന്നുണ്ട്.

പൊങ്കലിന് തമിഴ് നാട്ടിലെ ആരാധകര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് പേട്ടയെത്തുമ്പോള്‍ ഒരുത്സവ പ്രതീതിയോടെ നല്ല നിമിഷങ്ങള്‍ക്കായി ധൈര്യപുര്‍വ്വം ടിക്കറ്റെടുക്കാവുന്ന ഒരു രജനി എന്റര്‍റ്റെയ്‌നര്‍ ചിത്രം തന്നെയാണ് പേട്ട.