‘പേട്ട’യുടെ വിജയം സംവിധായകനും നിര്‍മാതാവിനും അവകാശപ്പെട്ടത്- രജനീകാന്ത്

പേട്ടയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനും നിര്‍മാതാവിനുമാണെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. പേട്ട എന്ന ഏറ്റവും പുതിയ ചിത്രം എല്ലാവര്‍ക്കും ഇഷ്ടമായതില്‍ വളരെ സന്തോഷമുണ്ട്. ചിത്രം വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് മടങ്ങി വരുമ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ ആഹ്ലാദം പങ്കിട്ടത്.

ആരാധകരെ സന്തോഷിപ്പിക്കുകയാണ് തന്റെ ജോലി. അതാണ് പ്രധാനം. അവര്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ താനും സന്തോഷവാനാണ്. എന്റെ ഉള്ളിലെ നടനില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനാണ് ചിത്രം മികച്ചതായതിന്റെ എല്ലാ മേന്മകളുമെന്നും അദ്ദേഹം പറഞ്ഞു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് കഥയും സംവിധാനവും. രജനിക്കൊപ്പം വിജയ് സേതുപതി, സിമ്രാന്‍, തൃഷ, സംവിധായകന്‍ എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

error: Content is protected !!