റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ചിത്രം പേരന്‍പ്

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ റാം ആണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ആഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത മാസം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം സാധന,അഞ്ജലി, സമുദ്രക്കനി, ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുന്നു എന്നൊരു പ്രത്യേകതകൂടി ഉണ്ട്. കൊടൈക്കനാലിലും ചെന്നൈയിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. പി.എല്‍ തേനപ്പനാണ് പേരന്‍പ് നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ലോക ചലച്ചിത്രോത്സവങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുള്ള ചിത്രത്തിന് ഒട്ടേറെ പ്രശംസകള്‍ നേടിയിരുന്നു. തുടര്‍ന്നാണ് പേരന്‍പ് ഇന്ത്യയില്‍ റിലീസിനെത്തുന്നത്. തമിഴിലും, മലയാളത്തിലുമായി റിലീസിനായി ഒരുങ്ങുന്ന പേരന്‍പ് ചൈനയില്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനമാണ് ഇതിന് കാരണമായത്. സാമ്പത്തിക കാര്യങ്ങള്‍ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ചൈനയിലെ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാവും ‘പേരന്‍പ്’. കഴിഞ്ഞ വര്‍ഷം ആമിര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗല്‍ ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.