പേരന്‍പ് ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ ദേശീയ അവാര്‍ഡ് ജോതാവ് റാമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.

റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇത്തവണത്തെ ഗോവ ചലച്ചിത്രോത്സവത്തിലായിരുന്നു. ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്. കൂടാതെ സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍,അഞ്ജലി എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട് ചിത്രത്തില്‍.

error: Content is protected !!