പാഷാണം ഷാജിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖം

കോമഡി പ്രോഗ്രാമിലെ പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജി ആയതിന് ശേഷം പിന്നീട് സാജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയുടെ അവിഭാജ്യഘടകമായി ഈ കലാകാരന്‍ മാറിയത്. മമ്മാസ് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത സാജു ആദ്യമായി നായകനായെത്തിയ ചിത്രമാണ് തിയേറ്ററിലെത്തിയ കരിങ്കണ്ണന്‍. ഇതിന് പിന്നാലെ സാജു തന്നെ കഥയും തിരക്കഥയും ഒരുക്കി അഭിനയിക്കുന്ന ചിത്രവും, നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റേയും അണിയറ ഒരുക്കങ്ങളും നടക്കുന്നു. നായകനായ സന്തോഷത്തില്‍ പ്രിയതമ രശ്മിയ്‌ക്കൊപ്പമെത്തിയാണ് സാജു സെല്ലുലോയ്ഡുമായി വിശേഷങ്ങള്‍ പങ്കുവെച്ചത്….

. കൊമേഡിയനില്‍ നിന്ന് നായകനായപ്പോള്‍ അവസരം നഷടപ്പെടുമെന്ന് പേടിയുണ്ടോ?

. ആ പേടി ഇല്ലാതില്ലാതില്ല.. (ചിരിക്കുന്നു).. അത് വേറൊരു വശം. ഞാന്‍ മുമ്പ് പഠിക്കുന്ന സമയത്ത് നാടകങ്ങള്‍ കളിക്കുമായിരുന്നു. നാടകങ്ങള്‍ പഠിപ്പിക്കുമായിരുന്നു. അതിനാല്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് സന്തോഷമായിരുന്നു. അങ്ങനെയൊരു അവസരം കിട്ടിയപ്പോള്‍ ചെയ്തു എന്നേ ഉള്ളൂ. അല്ലാതെ ഞാന്‍ നായകനാണെന്നോര്‍ത്തിട്ട് മറ്റ് വലിയ നായകന്‍മാര്‍ക്ക് ഒന്നും ഒരു വെല്ലുവിളിയൊന്നുമാവില്ല. ഇതില്‍ നായകനെന്നേ ഉള്ളൂ. അല്ലാതെ പത്ത് ഫൈറ്റ് ചെയ്തും കുറേ ഡാന്‍സൊന്നും കളിച്ചിട്ടുള്ള നായകനല്ല. ഒരു ഇടത്തരം നായകനാണെന്ന് എല്ലവര്‍ക്കുമറിയാമല്ലോ?

. മലബാറിലെ കരിങ്കണ്ണന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ച്?

.എന്നെ നായകനാക്കി അവര്‍ ഒരു സിനിമ ചെയ്തത് അവരെടുത്ത ഏറ്റവും വലിയ റിസ്‌ക്കായിട്ടാണ് എനിക്ക് ആദ്യം തോന്നിയത്. അങ്ങനെ ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ പോലൊരാളെ വെച്ച് ഇത്രയും കാശ് മുടക്കി സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാവ് പ്രദീപനോട് ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥന എപ്പോഴും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി ഉണ്ടാവും. ഞാന്‍ കൊച്ചിക്കാരനായതിനാല്‍ എനിക്ക് കണ്ണൂര്‍, തലശ്ശേരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ ഇവിടെ വന്ന് നാട്ടുകാരുടെ സ്‌നേഹം മനസ്സിലാക്കിയപ്പോഴാണ് കണ്ണൂര്‍ എന്നാല്‍ അങ്ങനെ വലിയ പ്രശ്‌നങ്ങളുള്ള സ്ഥലമല്ല. ഇവിടെയും ആള്‍ക്കാര്‍ ജീവിക്കുന്നത് വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്‌നേഹത്തോട് കൂടിയാണെന്നു മനസ്സിലായത്. മാഹി,തലശ്ശേരിയിയില്‍ നിന്ന് നടന്ന ഷൂട്ടിങ്ങിന്റെ സമയത്ത് അത്രയും സ്‌നേഹം അവരുടെ അടുത്ത് നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്.

.പാഷാണം ഷാജി എന്ന സ്‌കിറ്റിലെ പേര് അംഗീകാരമോ? ബാധ്യതയായോ ?

തീര്‍ച്ചയായിട്ടും. എനിക്ക് വരുന്നത് മിക്കതും അങ്ങനെയുള്ളതാണ്.വെള്ളിമൂങ്ങയില്‍ ഒരു സംശയമുള്ള ഭര്‍ത്താവ്, അമര്‍ അക്ബര്‍ അന്തോണിയില്‍ ദുരന്തം, അതിന് മുമ്പ് പാഷാണം ഷാജി ഇപ്പോള്‍ വന്നിരിക്കുന്നത് കരിങ്കണ്ണന്‍. നെഗറ്റീവായിട്ടുള്ള കഥാപാത്രങ്ങളല്ല എന്നെ തേടി വരുന്നത്. ചിലപ്പോള്‍ എന്റെ മുഖം കണ്ടിട്ടാണൊ എന്ന് അറിയില്ല. (ചിരിക്കുന്നു)..എന്തായാലും ചെയ്തതെല്ലാം പോസ്റ്റീവായിട്ടുള്ള കഥാപാത്രങ്ങളാണ്. ചെയ്ത ക്യാരക്ടര്‍ നെഗറ്റീവാണെങ്കിലും പോസ്റ്റീവായിട്ടാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ വരെ ഭഗവാന്‍ അങ്ങനെ ഒരു അനുഗ്രഹം തന്നിട്ടുണ്ട്.

. കരിങ്കണ്ണന്റെ പ്രത്യേകത

. പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത് പാഷാണം ഷാജിയുടെ സിനിമയെന്നാല്‍ ഞാനിങ്ങനെ നിറയെ കോമഡി പറയുന്നു. അതുമല്ല മിമിക്രിക്കായനൊരാള്‍ നായകനാവുന്നു എന്നു പറയുമ്പോള്‍ മിമിക്രി പോലുള്ള കൗണ്ടറുകള്‍ മാത്രമേ ഉള്ളൂ എന്നൊക്കെയാണ്. അങ്ങനെയൊന്നുമല്ലെന്നും ഇതില്‍ ഞാന്‍ തമാശ പറഞ്ഞിട്ടേയില്ലെന്നും സിനിമ വന്നപ്പോള്‍ ബോധ്യമായി. ചിത്രത്തില്‍ സാഹചര്യങ്ങളില്‍ നിന്നുണ്ടാവുന്ന തമാശകളാണുള്ളത്. സിനോജ്,കലിംഗ ശശി, ഇവരൊക്കെ ചിത്രത്തില്‍ ഹ്യൂമര്‍ ചെയ്തിട്ടുണ്ട്. സംഗീത് എന്നൊരു പുതിയ ആര്‍ട്ടിസ്റ്റും സിനിമയിലുണ്ട്. സംഗീതും സിനിമയില്‍ മുഴുനീള കോമഡിയാണ് ചെയ്തിരിക്കുന്നത്. ഞാന്‍ ഒന്നു മൂളിക്കൊടുത്താല്‍ മതിയായിരുന്നു ബാക്കിയൊക്കെ അവരാണ് ചെയ്തിരിക്കുന്നത്.

.ഫ്യൂച്ചര്‍ പ്രൊജക്ട് എന്തൊക്കെയാണ്?

പ്രകാശന്റെ മെട്രോ, ഓള്‍ഡ് ഈസ് ഗോള്‍ഡ്, സകലകലാശാല, ഇസഹാക്കിന്റെ ഇതിഹാസം, ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി കുറച്ച് സിനിമകള്‍ ഇറങ്ങാന്‍ പോകുന്നുണ്ട്. ഷൂട്ടെല്ലാം കഴിഞ്ഞു. ഇനി തുടങ്ങാന്‍ പോകുന്നത് പക്രുചേട്ടന്‍ നായകനായെത്തുന്ന ഫാന്‍സി ഡ്രസ്സാണ്. അതിന് ശേഷം ഞാന്‍ എഴുതിയ എന്റെ സബജക്ട് സിനിമയാവാന്‍ പോവുകയാണ്. ജനുവരി 28 ന് ആരംഭിക്കും .അതിലും ഞാന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തില്‍ അഞ്ച് പേരാണ് പ്രധാന വേഷത്തിലെത്തുന്ന്. പാണാവള്ളി പാണ്ഡവാസ് എന്നാണ് ചിത്രത്തിന്റെ പേര്. പാണാവള്ളി എന്നു പറഞ്ഞാല്‍ ചേര്‍ത്തലയില്‍ ഒരു സ്ഥലത്തിന്റെ പേരാണ്. അവിടെ പാണ്ഡവര്‍ വനവാസകാലത്ത് കഞ്ഞിവെച്ച് കുടിച്ചിരുന്നു എന്നൊരു ചരിത്രമുണ്ട്. അങ്ങനെ പറഞ്ഞാണ് തുടങ്ങിയത്. അതൊക്കെ ഉള്‍ട്ടയാണ്. ഇതില്‍ പാണാവള്ളി പാണ്ഡവാസ് എന്നുെവച്ചാല്‍ ഒരു ഫുട്‌ബോള്‍ ടീമിന്റെ പേരാണ്. പാണാവള്ളിയിലെ ഫുട്‌ബോള്‍ ടീമാണ് പണ്ഡവാസ്. അതില്‍ അഞ്ച് പേരാണ് പ്രധാന കഥാപാത്രങ്ങള്‍. ആ അഞ്ചുപേരില്‍ വെച്ച് കേന്ദ്രകഥാപാത്രമായി എത്തുന്നത് ഞാനാണ്. 5 പേരും ഒരേ പ്രാധാന്യമുള്ളവര്‍ തന്നെയാണ്.

. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് താങ്കള്‍ തന്നെയാണൊ എഴുതിയത്, സംവിധാനം ആരാണ്. മറ്റുവിശേഷങ്ങള്‍..

.ചിത്രത്തിന്റെ കഥയും തിരക്കഥയും ഞാനാണ് തയ്യാറാക്കിയത്. കരിങ്കണ്ണന്റെ തിരക്കഥ ഒരുക്കിയ തബു ഘോഷാണ് സംഭാഷണം തയ്യാറാക്കുന്നത്. നവാഗതനായ തുഫൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞാന്‍ ചെയ്ത രണ്ട് മൂന്ന് സിനിമയില്‍ അദ്ദേഹം അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോംബെയിലുള്ള ഒരു സുഹൃത്താണ് നിര്‍മ്മാതാവ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാക്കിയേല്ലാം തീരുമാനിക്കുന്നതേ ഉള്ളൂ.

.പാണ്ഡവരെ മുന്നില്‍ നിന്ന് നയിക്കുന്നത് സാജുവാണ്… ബാക്കിയുള്ള 4 പേര്‍

. നോബി, സീനു സോഹന്‍ ലാല്‍, ദിനേശേട്ടന്‍, അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ യു ക്ലാമ്പ് രാജനായിട്ട് അഭിനയിച്ച ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് പാണ്ഡവാസിലെ മറ്റ് നാല്‌പ്പേര്‍. ഹ്യൂമര്‍,സസ്‌പെന്‍സ്, കുറ്റാന്വേഷണം എന്നിവ അടങ്ങിയിട്ടുള്ളതാണ് ചിത്രം. മിമിക്രിക്കാരനായ ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ മിമിക്രിയെ ഉണ്ടാവൂ എന്നല്ല നല്ലൊരു കഥ ഉണ്ടാവണം., അതിന് കുറേ ട്വിസ്റ്റും കാര്യങ്ങളും ഉണ്ടാവണം എന്ന് എനിക്ക് വളരെ നിര്‍ബന്ധമുണ്ട്. ക്ലൈമാക്‌സ് വരെ നല്ല ട്വിസ്‌റ്റോട് കൂടെ കൊണ്ടുപോകുന്ന ഒരു ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നുവെച്ചാല്‍ ഇതിന്റെ നെഗറ്റീവ് ക്യാരക്ടറാണ്. ആ കാര്യം ഇപ്പോള്‍ പറഞ്ഞാല്‍ ആ പ്രത്യേകത ഇല്ലാതാവും. ജനുവരി 28 ന് ആരംഭിക്കും. ചിത്രത്തിന്റെ പൂജയും ചിത്രീകരണവും എല്ലാം ഒന്നിച്ചായിരിക്കും. ഇത് കഴിഞ്ഞ് ഇസ്തിരി വടിവില്‍ കയ്യിലെ ഒറ്റ നഖത്തില്‍ നെയില്‍ പോളിഷ് ഒക്കെ ഇട്ട് നടക്കുന്ന സുര ചേട്ടായിയുടെ കഥ കേട്ടു. നായകനായി അഭിനയിക്കാന്‍ വന്ന ആ സിനിമയുടെ വിശദാംശങ്ങള്‍ വഴിയേ അറിയിക്കാം.