അന്ന് മമ്മൂക്കയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്, പക്ഷെ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പാര്‍വതി

കസബ വിവാദത്തില്‍ മമ്മൂട്ടിയെക്കുറിച്ചല്ല പറഞ്ഞത്, ആ കഥാപാത്രത്തെക്കുറിച്ചാണെന്ന് നടി പാര്‍വതി തിരുവോത്ത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിനാലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും താരം പറഞ്ഞു. അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പാര്‍വതി ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകള്‍

‘ഞാന്‍ അന്ന് പറഞ്ഞത്‌ സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവല്‍ക്കരിക്കരുത് എന്നാണ്. അത് ഭൂരിഭാഗം ആളുകള്‍ക്കും മനസ്സിലായില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ആ തലക്കെട്ടുകള്‍ വായിച്ചാല്‍ ഞാന്‍ ഒരു താരത്തെ ആക്രമിച്ചു എന്നേ തോന്നൂ. സിനിമയിലുള്ള ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ഞാന്‍ പറഞ്ഞത് എന്താണെന്ന് കേട്ടിരുന്നോ എന്ന്. ഇല്ല, ആരോ പറഞ്ഞുകേട്ടതാണ് എന്നായിരുന്നു അവരുടെ മറുപടി. ആ തെറ്റിദ്ധാരണയുടെ പേരിലാണ് ഓണ്‍ലൈന്‍ ആക്രമണം പോലും ഉണ്ടായത്.’

‘മമ്മൂക്കയെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെക്കുറിച്ചാണ്. പലര്‍ക്കും തെറ്റിദ്ധാരണ അങ്ങനെയാണ്. കസബ വിവാദത്തില്‍ ആക്രമണം ഏറ്റവുമധികം നടന്നത് സോഷ്യല്‍ മീഡിയയിലാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ എന്നോടാരും ഇത് പറഞ്ഞിട്ടില്ല. ഉയരെ റിലീസ് ചെയ്ത ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പോലും വിളിച്ചു, നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്, പക്ഷേ ഈ സിനിമയില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അന്ന് നടന്നത് സംഘടിത ആക്രമണമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ആത്മാര്‍ഥമായി വിയോജിപ്പ് തോന്നിയവര്‍ എന്നോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മെസേജ് അയച്ചുപോലും സംസാരിച്ച ആളുകളുണ്ട്. അവരോട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

‘പക്ഷെ അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഒരു വരി പോലും മാറ്റമില്ലാതെ ഞാനത് പറയും. കസബ എന്ന ചിത്രമിറങ്ങിയ ശേഷം പലരും ആ രംഗത്തെപ്പറ്റി ചര്‍ച്ച ചെയ്തു. മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ഞാനന്ന് സംസാരിച്ചത്. പാര്‍വതി എന്ന വ്യക്തിയല്ല അവിടെ പ്രശ്‌നം. ഒരു പെണ്‍കുട്ടി പരസ്യമായി അങ്ങനെ സംസാരിച്ചു, അതിന് ശേഷം മാപ്പും പറഞ്ഞില്ല. അത് വലിയ പ്രശ്‌നമായി മാറി. ഞാന്‍ പറയുന്നത് അതേപടി അംഗീകരിക്കണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒന്ന് ചിന്തിച്ചുനോക്കൂ എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. മാറ്റത്തിന് കഴിവുള്ള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ എന്ന് താന്‍ വിശ്വസിക്കുന്നതായി’ പാര്‍വതി വ്യക്തമാക്കി.

error: Content is protected !!