ഓസ്‌കാര്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ‘പീരിഡ്. എന്‍ഡ് ഓഫ് സെന്റന്‍സും’

91ാം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള പീരിഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ചിത്രവും ഇടംനേടിയിരിക്കുകയാണ്. ഈ ചിത്രം ദൈര്‍ഘ്യം കുറഞ്ഞ ഡോക്യൂമെന്ററി ചിത്രങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക് ഷീപ്, എന്‍ഡ് ഗെയിം, ലൈപ് ബോട്ട്, എ നൈറ്റ് അറ്റ് ദി ഗാര്‍ഡന്‍ എന്നിവയ്‌ക്കൊപ്പമാണ് പീരിഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാനിറ്ററി നാപ്കിനുകളുടെ ആവശ്യകതയായിരുന്നു. ഈ ചിത്രം പറയുന്നതും അതേ കഥയാണ്. പുരസ്‌കാര ജേതാവും അമേരിക്കന്‍ സംവിധായകനുമായ റേയ്ക സെത്ബി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഒരു പാഡ് മെഷീന്‍ സ്ഥാപിച്ചതും അതിന് ശേഷമുണ്ടാവുന്ന അനുഭവങ്ങളുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.