ഒടിയന്‍ വിരല്‍ ചൂണ്ടുന്നതാര്‍ക്കുനേരെ…..?

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഒടിയന്‍ പരമ്പരിലെ അവസാന കണ്ണിയായ മാണിക്യന്റെ കഥയുമായി മോഹന്‍ ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് തിയ്യേറ്ററുകളിലെത്തി. ഹര്‍ത്താലിനെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും പ്രേക്ഷക പിന്തുണകൊണ്ട് ചിത്രം നിശ്ചയിച്ച ദിവസം തന്നെ തിയ്യേറ്ററുകളിലെത്തി. 145 ദിവസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ്  ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തിയത്.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 2500 തിയേറ്ററുകളിലായി 10000 ഷോയാണ് ഒടിയനുണ്ടായിരുന്നത്. കേരളത്തിലങ്ങോളമിങ്ങോളമായി എല്ലാ തിയ്യേറ്ററുകളിലും വന്‍ ആഘോഷങ്ങളുമായാണ് ഒടിയനെക്കാണാന്‍ ആരാധകരെത്തിയത്. കൊച്ചിയിലെ കവിത തിയേറ്ററില്‍ മോഹലാലിന്റെ കൂറ്റന്‍ കട്ട് ഔട്ടില്‍ പാലഭിഷേകം ചെയ്താണ് പ്രേക്ഷകര്‍ ഒടിയനെ വരവേറ്റത്. തുടക്കം മുതല്‍ അവസാനം വരെ ഒടിയനെ ഹര്‍ഷാരവത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.

രാവിലെ തന്നെ സിനിമ കാണാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ശ്രീകുമാറും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും കൂടാതെ സിനിമയിലെ അണിയറ പ്രവര്‍ത്തകരും സിനിമാതാരങ്ങളും കൊച്ചിയിലെ കവിത തീയേറ്ററില്‍ എത്തിയിരുന്നു.
ആദ്യ ഷോ കണ്ടിറങ്ങിയവര്‍ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജിലും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ക്ക് കീഴില്‍ രൂക്ഷമായ രീതിയിലാണ് ആരാധകര്‍ പ്രതികരണം നടത്തിയത്.

തേന്‍കുറിശ്ശി എന്ന ഗ്രാമത്തില്‍ നിലനിന്നിരുന്ന ഒടിയ പരമ്പരയുമായ ബന്ധപ്പെട്ട ഒരു കഥയാണ് ഒടിയന്‍ പറയുന്നത്. വൈദ്യുതീകരണത്തിന് മുന്‍പുള്ള കേരളത്തിലെ കഥയുടെ പശ്ചാത്തലവും കാലഘട്ടത്തിന്റെ ഭംഗിയും ചിത്രത്തില്‍ സംവിധായകന് പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലായെപ്പോഴുംപോലെ കൗതുകവും ആരാധനയും കൊള്ളിക്കുന്ന മോഹന്‍ലാലിന്റെ ഒരു മനോഹരമായ രംഗപ്പ്രവേശനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഒടിയന്റെ ചെറുപ്പകാലം, യവ്വനകാലം, പ്രണയം, ഐതീഹ്യം എന്നിങ്ങനെ എല്ലാ കാലഘട്ടങ്ങളിലൂടെയും ചിത്രം കടന്ന് പോകുന്നു. മോഹന്‍ലാല്‍  എന്ന താരത്തിലുപരി മോഹന്‍ ലാല്‍ എന്ന പ്രതിഭയാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് നല്‍കിയ താര ആരാധനയും മാസ്സ് രംഗങ്ങളും പ്രതീക്ഷിച്ച് ചെന്ന ആരാധകരെ ചിത്രം നിരാശപ്പെടുത്തി.

മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിക്കുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇന്ററിസ്റ്റിങ്ങായ ആദ്യ പകുതിയും നല്ലൊരു ക്ലൈമാക്‌സ് രംഗവുമാണ് ചിത്രത്തിനുള്ളത്. ചെറിയ രീതിയില്‍ ഇഴഞ്ഞ മട്ടിലാണ് കഥയുടെ രണ്ടാം ഭാഗം സഞ്ചരിക്കുന്നത്. സമൂഹത്തിലെ നിരവധി ജാതി കൊള്ളരുതായ്മകളിലേക്കും ഒടിയന്‍ വിരല്‍ ചൂണ്ടുന്നു.

അവസാന ഭാഗത്തില്‍ പീറ്റര്‍ ഹെയ്‌ന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സംഘട്ടന രംഗങ്ങളാണ് എടുത്ത് പറയേണ്ടിരിക്കുന്ന മറ്റൊരു കാര്യം. ഗാനങ്ങള്‍ കൊണ്ടും സജീവമാണ് ഒടിയന്‍ എന്ന ചിത്രം. എന്നാല്‍ ചില ഗാനങ്ങളില്‍ കാലഘട്ടത്തിന്റെ പ്രത്യേകതകളെ ഉപയോഗപ്പെടുത്താത്തത് ഒരു പോരായ്മയാണ്. മറ്റൊരു പ്രധാന ചേരുവ പശ്ചാത്തല സംഗീതമാണ്. കഥയിലെ പല രംഗങ്ങളിലും സാമിന്റെ പശ്ചാത്തല സംഗീത ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

താരസമ്പന്നമാണ് ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മികച്ച ഒരുപിടി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്.

നടി സംയുക്ത, ഉണ്ണി മുകുന്ദന്‍, ഫര്‍ഹാന്‍ ഫാസില്‍, നീരജ് മാധവ് എന്നിങ്ങനെ സിനിമ രംഗത്തെ നിരവധി പ്രമുഖരും ഒടിയന്‍ ആദ്യ ദിനം കാണാനെത്തി.  കാലത്ത് നാലരയ്ക്ക് എണീറ്റ് വന്നത് തന്നെ ഈ സിനിമ കാണാനാണ്. ‘ഐ ലവ്ഡ് ഇറ്റ്’ എന്നാണ് സിനിമ കണ്ട ശേഷം സംയുക്ത പ്രതികരിച്ചത്. നടനവിസ്മയം എന്നൊക്കെ പറയുന്നത് ഇതാണെന്നും മോഹന്‍ലാലിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് സംയുക്ത പറഞ്ഞു. പടം കണ്ട ശേഷം മികച്ച കഥയാണെന്നും നല്ലൊരു എന്റര്‍ടെയ്‌നറുമാണ് ഒടിയനെന്നാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പ്രതികരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലെ ഏത് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും കഥയും പോരായ്മകളുമൊന്നും വേര്‍തിരിച്ച് കാണാതെ തിയ്യേറ്ററുകളില്‍ ഓടിയെത്തുന്ന മലയാളിപ്പ്രേക്ഷകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ് ചിത്രം. സിനിമയുടെ പോരായ്മകളെ ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രംഗത്തെത്തിയപ്പോഴും, ഹര്‍ത്താലിനെയും തോല്‍പ്പിച്ച് സ്വന്തം ഭാഷയുടെയും നാടിന്റെയും വൈവിധ്യത്തില്‍ താരതമ്യോന വലിയ പോരായ്മകളില്ലാതെ ഇറങ്ങിയ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും? എന്ന പ്രേക്ഷകനുള്ള ഒരു ചോദ്യമായി ഒടിയന്‍ തിയ്യേറ്ററുകളില്‍ കളി തുടങ്ങുകയാണ്…