നരേന്ദ്ര മോദിയുടെ ചിത്രത്തിന് ഇലക്ഷന്‍ കമ്മീഷന്റെ നോട്ടീസ്…

നരേന്ദ്ര മോദിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ മറ്റു പാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടിയുണ്ടായത്. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് പരാതിയില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പരസ്യം കൊടുത്ത രണ്ട് പ്രമുഖ പത്രങ്ങള്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം സന്ദീപ് സിങ്ങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ ഗോദ്ധ്ര സംഭവത്തെ പുസൃഷ്ട്ടിക്കാന്‍ തീവണ്ടി ഭോഗി കത്തിച്ചതും നേരത്തെ പ്രതിക്ഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഏപ്രില്‍ ആദ്യ വാരത്തോടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 30 വരെയാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍മ്മാതാക്കള്‍ക്ക് സമയം നല്‍കിയിരിക്കുന്നത്.