സിനിമ ചരിത്രത്തില്‍ ഇടം നേടേണ്ടത് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയല്ല – നസറുദ്ദീന്‍ ഷാ

 

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇടം നേടേണ്ടത് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയല്ലെന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. മുംബൈ ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 നെ സല്‍മാന്‍ ഖാന്‍ സിനിമകള്‍വെച്ച് വിലയിരുത്താന്‍ പാടില്ലെന്ന് നസറുദ്ദീന്‍ ഷാ വ്യക്തമാക്കി.

ചലച്ചിത്രങ്ങള്‍ക്ക് സമൂഹത്തെ മാറ്റാനോ വിപ്ലവം കൊണ്ടു വരാനോ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ആളുകള്‍ സിനിമ കാണും അത് മറക്കും. ചലച്ചിത്രങ്ങള്‍ക്കുള്ള ഒരേയൊരു ഗൗരവമായ ചുമതല അത് നിര്‍മ്മിക്കപ്പെട്ട കാലത്തെ രേഖപ്പെടുത്തിവെക്കലാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കു സാമൂഹിക മാറ്റമോ വിപ്ലവമോ കൊണ്ടു വരാന്‍ കഴിയില്ല. സിനിമ ഒരു വിദ്യാഭ്യാസ മാധ്യമമാണെന്ന ചിന്തയും എനിക്കില്ല. ഫീച്ചര്‍ സിനിമകളല്ല, ഡോക്യുമെന്ററികളാണ് വിദ്യാഭ്യാസത്തെ സഹായിക്കുന്നത്. ഫീച്ചര്‍ സിനിമകള്‍ ആളുകള്‍ കാണും, മറക്കുകയും ചെയ്യും. അന്നത്തെ സമൂഹത്തെ സംബന്ധിച്ച രേഖയാക്കുക എന്നതു മാത്രമാണ് സിനിമയ്ക്കു ചെയ്യാന്‍ കഴിയുന്ന ഏക ധര്‍മ്മമെന്നാണ് ഞാന്‍ കരുതുന്നത് .ഇന്നത്തെ സിനിമകള്‍ കാണുമ്പോള്‍ 2018ലെ ഇന്ത്യ എന്താണെന്നു പ്രേക്ഷകര്‍ക്ക് മനസിലാകണം. 200 വര്‍ഷത്തിനു ശേഷം അവര്‍ സല്‍മാന്‍ ഖാന്‍ സിനിമകള്‍ മാത്രമല്ല കാണുന്നുണ്ടാവുക. ഇന്ത്യ അങ്ങനെയല്ല. സിനിമകള്‍ ഭാവിതലമുറയ്ക്കു വേണ്ടിയാണെന്നും നസറുദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.