മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ വെള്ളിത്തിരയിലേക്ക്..

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ ജീവിത കഥ പറയുന്ന വിനയന്റെ പുതിയ ചിത്രമാണ് നങ്ങേലി. ജാതി വ്യവസ്ഥയ്ക്കും കീഴില്‍ നിലനിന്ന മാറുമറയ്ക്കലിനും മുലക്കരത്തിനുമെതിരെ പോരാടി ഒടുവില്‍ മുലകള്‍ മുറിച്ചു നല്‍കി മരണമടഞ്ഞ നങ്ങേലിയുടെ കഥയാണ് ചിത്രം പറയുന്നത്. 2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയേറ്ററില്‍ എത്തിക്കുമെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്.

വിപ്ലവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടന്‍ തന്നെ ആയിരിക്കുമെന്നും വിനയന്‍ പറയുന്നു. വലിയ ക്യാന്‍വാസില്‍ തന്നെ ‘നങ്ങേലി’യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19ാം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുമുണ്ട്. 2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു..നമ്മുടെ ആദരണീയ ചരിത്രകാരന്‍മാര്‍ അറിഞ്ഞോ അറിയാതെയോ പലതും തമസ്‌കരിച്ച 19ാം നൂറ്റാണ്ടിന്റെ ഒരു യഥാര്‍ത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്‌ക്രിപ്റ്റ് തീര്‍ന്നു വന്നപ്പോള്‍ വിപ്‌ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രം ഇതു വരെ മലയാളത്തില്‍ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നില്‍ക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം..
ആറാട്ടു പുഴ വേലായുധന്‍ താണ ജാതിയില്‍ പെട്ടവനായിരുന്നെങ്കിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂര്‍ മഹാരാജാവ് പണിക്കര്‍ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടന്‍ തന്നെ ആയിരിക്കും..
ലോകം മുഴുവന്‍ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്‌കരിച്ച് രണ്ടു വരിയില്‍ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി… വലിയ ക്യാന്‍വാസില്‍ തന്നെ ‘നങ്ങേലി’യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്..
എന്നും.,,എന്റെ പ്രതിസന്ധിഘട്ടങ്ങളിലും.., എന്നെ പ്രോല്‍സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..