രണ്ടാമൂഴത്തില്‍ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല- മോഹന്‍ലാല്‍

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പലതും വന്നിരുന്നു. എന്നാല്‍ ചിത്രം യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യത്തില്‍ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫറിന്റെ ട്രെയിലര്‍ ഗ്ലോബല്‍ ലോഞ്ചിംഗിന് മുന്നോടിയായി ദുബൈയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ സിനിമ വിജയിക്കും എന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എംടി തയ്യാറാക്കിയ തിരക്കഥയിലായിരുന്നു രണ്ടാമൂഴത്തിന്റെ സിനിമ പുറത്തിറങ്ങാനിരുന്നത്. ബി ആര്‍ ഷെട്ടിയായിരുന്നു ചിത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അഡ്വാന്‍സ് നല്‍കി നാല് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്നും കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി ശ്രീകുമാര്‍ മേനോനെ തടഞ്ഞിരുന്നു. ഈ കേസില്‍ മധ്യസ്ഥനെ അനുവദിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.

error: Content is protected !!