‘മീടൂ’വും ‘ഡബ്ല്യുസിസി’യും സമൂഹത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി-നിമിഷ സജയന്‍

ഡബ്ല്യുസിസി പോലുള്ള കൂട്ടായ്മകളും ‘മീടൂ’പോലുള്ള ക്യാംപയിനുകളും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്നും, താനതിനെ പിന്തുണക്കുന്നു എന്നും നടി നിമിഷ സജയന്‍.സാമൂഹിക വിഷയങ്ങളിലും ആളുകള്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കണമെന്നും താന്‍ അങ്ങനെ ചെയ്യുന്ന ആളാണെന്നും നിമിഷ പറഞ്ഞു. ശബരിമല വിഷയത്തില്‍ താന്‍ പ്രതികരിച്ചിരുന്നെന്നും താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകട്ടെ എന്നായിരുന്നു തന്റെ അഭിപ്രായം എന്നും നിമിഷ പറഞ്ഞു. ഒരു മാധ്യമത്തിനോട് നല്‍കിയ അഭിമുഖത്തിലാണ് താരം അഭിപ്രായം പങ്കുവെച്ചത്.

നിമിഷയുടെ വാക്കുകള്‍……

തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറയുന്നതിനെ ലിംഗ വെത്യാസങ്ങളോടെ കാണേണ്ടതില്ല. ഒരാള്‍ക്കുള്ള അനുഭവങ്ങള്‍ എന്ന നിലക്ക് അതിനെ കാണുകയാണ് വേണ്ടത്. ‘മീടൂ’സമൂഹത്തില്‍ ഉണ്ടാക്കിയത് പോസിറ്റീവായ ഫലമെന്നാണ് താന്‍ കരുതുന്നത്. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കയ്പ്പുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അത് പറയുന്നതില്‍ നിന്ന് അവരെ തടസപ്പെടുത്തേണ്ട കാര്യവുമില്ല. സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ് തന്റെ നിലപാട്. ശബരിമല വിഷയം വന്നപ്പോള്‍ താനും പ്രതികരിച്ചിരുന്നു. താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകട്ടെ എന്ന അഭിപ്രായം താന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിഷ്ടപ്പെടാതെ ചിലര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തു. എന്നിരുന്നാലും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതിനെയാണ് ഇഷ്ടപ്പെടുന്നതെന്നും നിമിഷ വ്യക്തമാക്കി. നടിമാര്‍ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ അവര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആളുകള്‍ കയറില്ല എന്ന ധാരണ തെറ്റാണ്. നടി പറഞ്ഞ കാര്യം അനിഷ്ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ കൃത്യമായും സിനിമ കണ്ടിരിക്കും.