മാര്‍വല്‍ കോമിക്‌സിന്റെ ഐതിഹാസിക സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലൊസാഞ്ചലസ് : ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ കോമിക്‌സ് കഥാകാരന്‍ സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു. മാര്‍വെല്‍ കോമിക്‌സിലൂടെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന നിരവധി ആരാധക ഹൃദയം കീഴടക്കിയ എഴുത്തുകാരാനാണ് സ്റ്റാന്‍ ലീ.

സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ ഡിസി കോമിക്‌സ് എന്ന കമ്പനിക്കുള്ള മേല്‍ക്കൈ മാര്‍വല്‍ കോമിക്‌സ് തകര്‍ത്തത് ലീയുടെ സൃഷ്ടികളിലൂടെയായിരുന്നു. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച്, ക്യാപറ്റന്‍ അമേരിക്ക തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ലോകമൊട്ടാകെ പല പ്രായത്തിലുള്ള ആരാധകരാണുള്ളത്. ഈ കഥാപാത്രങ്ങള്‍ തിരശീലയില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെറിയ വേഷത്തില്‍ സ്റ്റാന്‍ ലീയുമെത്തിയിരുന്നു. 1939ലാണ് മാര്‍വെല്‍ കോമിക്‌സ് ആദ്യമായി പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്.

രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങള്‍ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറിയിരുന്നു. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാര്‍വല്‍ കോമിക്‌സില്‍ എത്തുകയായിരുന്നു ഇദ്ദേഹം. അവഞ്ചേഴ്‌സ് 4 ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പരേതയായ നടി ജോന്‍ ലീയാണു ഭാര്യ.