118 മണിക്കൂര്‍, 83 പ്രദര്‍ശനം..’ലൂസിഫറിനൊപ്പം മാര്‍സ് സിനിമാസ് ഇന്ത്യന്‍ സിനിമ ചരിത്രത്തിലേക്ക്…

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ നിര്‍ത്താതെ പ്രദര്‍ശനം നടത്തി റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ചങ്ങരംകുളം മാര്‍സ് സിനിമാസ് തിയേറ്റര്‍. 118 മണിക്കൂറിനുള്ളില്‍ ലൂസിഫറിന്റെ 83 ഷോ ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 95 ശതമാനം ഷോയും ഹൗസ്ഫുളും ആയിരുന്നു. ലൂസിഫറിന്റെ പ്രദര്‍ശനത്തോടെ മാര്‍സ് സിനിമാസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ തിയേറ്ററായി മാറിയിരിക്കുകയാണ്.

28ാം തിയ്യതി രാവിലെ 7 മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോയോട് കൂടിയാണ് തിയേറ്ററില്‍ ലൂസിഫര്‍ നിര്‍ത്താതെ ഓടിത്തുടങ്ങിയത്. അന്നുമുതല്‍ തുടര്‍ച്ചയായി 6 പ്രദര്‍ശനങ്ങളാണ് എല്ലാ ദിവസവും നടക്കുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 1.45 ന് നടക്കുന്ന സ്‌പെഷ്യല്‍ ഷോയായിരുന്നു ഇതിലെ പ്രത്യേകത. തിയേറ്റര്‍ ജീവനക്കാരുടെ അഹോരാത്രമുള്ള പ്രവര്‍ത്തനമൊന്നുകൊണ്ട് മാത്രമാണ് 118 മണിക്കൂറിനുള്ളില്‍ 83 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനായത്. 100 മണിക്കൂറിനുള്ളില്‍ തന്നെ 72 പ്രദര്‍ശനങ്ങള്‍ നടന്നത് റെക്കോഡാണെന്നാണ് മാര്‍സ് സിനിമാസ് അവകാശപ്പെടുന്നത്. അജിത്ത് മായനാട്ടാണ് തിയേറ്ററിന്റെ ചെയര്‍മാന്‍. ലൂസിഫര്‍ ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ലോകത്താകമാനം 43 രാജ്യങ്ങളിലായിട്ടാണ് ലൂസിഫര്‍ റിലീസിനെത്തിയത്. 3070 ഓളം ഷോ ആയിരുന്നു ആദ്യദിനം ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ മാത്രം നാനൂറിന് മുകളില്‍ തിയേറ്ററുകളില്‍ സിനിമ എത്തി. അതില്‍ 200 ഓളം ഫാന്‍സ് ഷോ ആയിരുന്നു. അടുത്ത കാലത്തൊന്നും റിലീസ് ദിവസം ഇത്രയും പിന്തുണ മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ മോഹന്‍ലാലിനെക്കൂടാതെ മഞ്ജുവാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ്കുമാര്‍, ഇന്ദ്രജിത്ത്, സാനിയ ഇയ്യപ്പന്‍, ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുരളി ഗോപിയുടെതാണ് തിരക്കഥ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.