മാംഗല്യം തന്തുനാനേന – മൂവി റിവ്യൂ

കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാ നായകന്മാരാകുന്ന മാംഗല്യം തന്തുനാനേന തിയ്യേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതുമുഖ സംവിധായികയായ സൗമ്യ സദാനന്ദനാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഹരീഷ് കണാരന്‍, ശാന്തി കൃഷ്ണ, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ഒരു കുടുംബ സിനിമയായിട്ടാണ് മാംഗല്യം തന്തു നാനേന ഒരുക്കിയത്. ഒരു കല്യാണരംഗത്തിലൂടെ തുടങ്ങുന്ന സിനിമ, അതെ തുടര്‍ന്ന് ആ ദമ്പതികളുടെ കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വാരസ്യങ്ങളും കല്ലുകടികളും പ്രതിസന്ധികളും മറ്റും കാണിച്ചു കൊണ്ട് മുന്നോട്ട് പോവുന്നു. ഒടുവില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു ശുഭാന്ത്യത്തോടുകൂടി ചിത്രം സമാപിക്കുകയും ചെയ്യുന്നു.ചിത്രത്തിന്റെ ഉള്ളടക്കത്തിനോ ക്ലൈമാക്‌സിനോ ഒരു പുതുമ അനുഭവപ്പെടുന്നില്ല. പക്ഷെ വിരസതയും അനുഭവപ്പെടുന്നില്ല ഈ സിനിമ കാണുമ്പോള്‍.

വിദേശത്തു ജോലി ചെയ്ത് വരികയായിരുന്ന സാധാരണ മിഡില്‍ ക്ലാസുകാരനായ റോയി ഫെയ്‌സ്ബുക്കിലൂടെയാണ് ക്ലാരയെ പരിചയപ്പെടുന്നതും പ്രണയമാകുന്നതും. കോടീശ്വരനായ അവറാച്ചന്‍ ഏകമകളായ ക്ലാരയുടെ ഇഷ്ടത്തിന് എതിരു നില്‍ക്കാതെ റോയിയുടെ സാമ്പത്തിക സമത്വമില്ലായ്മ അവഗണിച്ചും കല്യാണം നടത്തിക്കൊടുക്കുന്നു. വട്ടിപ്പലിശയെടുത്ത് കല്യാണം പൊലിപ്പിച്ച ദുരഭിമാനക്കാരനായ റോയിക്ക് ജോലി നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് അനുഭവിക്കുന്ന പ്രതിസന്ധികളൊക്കെയാണ് ഈ സിനിമയുടെ മുഖ്യപ്രമേയം.

സിനിമകളില്‍ കാണുന്ന പഴകിയ കഥാസന്ദര്‍ഭങ്ങള്‍ ആണെങ്കിലും തൊണ്ടി മുതലിലും ഈടയിലും സ്വാഭാവിക ചലനങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ ഒരിക്കല്‍ കൂടി തന്റെ മിടുക്ക് തെളിയിച്ചു. പലവട്ടം കണ്ട അതേ ഭാര്യാ കഥാപാത്രമായിട്ടും ക്ലാരയില്‍ എവിടെയും ഒരു സിനിമാ നടിയുടെ ശരീരഭാഷ കലര്‍ന്നിട്ടേ ഇല്ലായിരുന്നു. ഷംസുവിന്റെ ഓരോ തമാശകളും പ്രേക്ഷകരെ ആസ്വദിപ്പിച്ചു. സൗമ്യ സദാനന്ദന്റെ തുടക്കം ഏതായാലും മോശമാക്കിയില്ല.