വൈഎസ്ആറായി വിസ്മയിപ്പിച്ച് മമ്മൂട്ടി,യാത്രയുടെ മലയാളം ട്രെയ്‌ലര്‍ കാണാം..

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്ര അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ കേരള വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കാണ്.

ഫെബ്രുവരി എട്ടിനാണ് യാത്ര മൂന്നു ഭാഷകളിലായി റിലീസ് ചെയ്യുന്നത്. ആഗോള വിപണികളില്‍ വന്‍ പ്രചാരത്തോടെയാണ് യാത്ര അവതരിപ്പിക്കുന്നത്. യുഎസിലും യുഎഇയിലും ഫെബ്രുവരി 7ന് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിട്ടുണ്ട്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്. വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ ആശ്രിത വൈമുഗതി ആണ് എത്തുന്നത്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.