മധുരരാജ അവസാന ഘട്ട ഷൂട്ടിങ്ങിലേക്ക്…

മമ്മൂട്ടിയും മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ വൈശാഖും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ‘മധുരരാജ’യുടെ അവസാനഘട്ടത്തില്‍. മോഹന്‍ലാല്‍ ബ്ലോക്ക്ബസ്റ്റര്‍ ‘പുലിമുരുഗന്‍’ എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. 120 ദിവസത്തിലേറെ നീണ്ടുനിന്ന സിനിമയുടെ ഒറ്റ ഷെഡ്യൂള്‍ ചിത്രീകരണത്തിനാണ് അവസാനമാകുന്നത്. കോടികളാണ് സിനിമയുടെ ക്ലൈമാക്‌സ് ഫൈറ്റിന് വേണ്ടി മാത്രം അണിയറക്കാര്‍ ചെലവഴിക്കുന്നതെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാകാറായ വിവരം സംവിധായകന്‍ വൈശാഖ് തന്നെയാണ് തന്റെ പേജിലൂടെ അറിയിച്ചത്. നെല്‍സണ്‍ ഐപ്പാണ് തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ നെല്‍സണ്‍ ഐപ്പ് സിനിമാസിലൂടെ ചിത്രം നിര്‍മിക്കുന്നത്.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും മധുരരാജയില്‍ അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

ഷാജി കുമാര്‍ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, കലാ സംവിധാനം ജോസഫ് നെല്ലിക്കല്‍,സൗണ്ട് ഡിസൈന്‍ പി എം സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹ, എക്‌സി. പ്രൊഡ്യൂസര്‍ വി എ താജുദീന്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗന്‍ കാട്ടാക്കട, ഹരി നാരായണന്‍.

സംവിധായകന്‍ വൈശാഖ് പങ്കുവെച്ച ചിത്രം..