‘സെഞ്ജിറുവേന്‍….’പ്രേക്ഷകരെ അതിശയിപ്പിച്ച് മാരിയുടെ രണ്ടാം തിരിച്ചുവരവ്…

പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ധനുഷ് കഥാപാത്രം മാരിയോടൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങള്‍ വളരെ വിരളമാണ്. ഇപ്രാവശ്യത്തെ ക്രിസ്മസിന് തികച്ചും വ്യത്യസ്തമായ ഒരു കഥയുമായി തന്റെ രണ്ടാം വരവറിയിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് ചോട്ടാ ഡോണ്‍ മാരി.
സംവിധായകന്‍ ബാലാജി മോഹന്‍ ഒരിക്കല്‍ കൂടി തന്റെ കഥാ വൈഭവം തെളിയിക്കുന്ന ചിത്രമാണ് മാരി 2. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ ടൊവിനോ തന്റെ അഭിനയ മികവു കൊണ്ട് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെയും നടന്‍ ധനുഷിന്റെയും വളരെ സ്വാഭാവികമായ അഭിനയം തന്നെയാണ് ചിത്രത്തിന് സ്വീകാര്യത നല്‍കുന്നത്.

ആദ്യത്തെ ചിത്രത്തിന്റെ തുടര്‍ച്ച പോലെയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് കഥയുടെ ചുരുളുകള്‍ അഴിയുകയാണ്. ചെറിയ വില്ലത്തരങ്ങളും റൗഡി വേഷവുമായി ധനുഷ് തന്റെ പഴയ വേഷത്തില്‍ തന്റെ സ്വന്തം നഗരത്തിന്‍ വിലസി നടക്കുകയാണ്. പിന്നീട് തന്റെ കഥയിലെ നായികയായ സായ് പല്ലവിയും വില്ലന്‍ ടൊവിനോയും സ്‌ക്രീനിലെത്തുന്നതോടെ കഥയുടെ ഗതി മാറുന്നു.രണ്ടാം ഭാഗത്തിലെ കഥയിലെ വഴിത്തിരുവുകളാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. നിരവധി അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രത്തെ ആകാംക്ഷയോടെ നോക്കിക്കാണാന്‍ പ്രേക്ഷകനെ തയ്യാറാക്കുകയാണ്. ഈ ഘട്ടത്തില്‍ മാരിയുടെ തിരിച്ചുവരവും പ്രേക്ഷകരെ ഏറെ ഹരം കൊള്ളിക്കുന്നുണ്ട്.

മുന്‍പത്തെ ചിത്രത്തിലെ പോലെ രണ്ടാം ചിത്രത്തിലും മാരിയുടെ സുഹ്രത്തുക്കള്‍ ഉടനീളം കൂടെയുണ്ട്. കൂടാതെ കൃഷ്ണ അവതരിപ്പിക്കുന്ന ധനുഷിന്റെ നന്‍പനും സുഹൃത്തുമായ കാലൈ എന്ന കഥാപാത്രവും മാരിക്കൊപ്പം മികച്ച രംഗങ്ങളുമായെത്തുന്നു. ചടുലതയാര്‍ന്ന നൃത്ത രംഗങ്ങളാണ് മാരിയിലെ ഗാനങ്ങള്‍ക്ക് സ്വാദ് കൂട്ടുന്നത്. ഒപ്പം ഇളയരാജയുടെ മാരീസ് ആനന്ദി എന്ന മനോഹരമായ ഗാനവും യുവാന്‍ ശങ്കര്‍ രാജയുടെ സംഗീത സംവിധാനവും ചിത്രത്തിന് ഒരര്‍ത്ഥം നല്‍കുന്നു. ഓം പ്രകാശിന്റെ എഡിറ്റിങ്ങ് ചിത്രത്തിലെ രംഗങ്ങളെ വളരെ ചലനാത്മകമായി സംയോജിപ്പിക്കുന്നുണ്ട്.

ആദ്യ ചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ലാത്ത മെച്ചപ്പെട്ട ഒരു ക്യാമറ ആങ്കിളിലൂടെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ നിലവാരത്തിന് തുടര്‍ച്ചയില്ലാത്തത് ചിത്രത്തിന്റെ പോരായ്മയായി. ക്രിസ്മസ് വേളയില്‍ പ്രേക്ഷകരെ ആസ്വദിപ്പിക്കുകയും സന്തോഷം പകരുകയും ചെയ്യുന്നതിനോടൊപ്പം ജീവിതത്തിലെക്കുള്ള തീരുമാനങ്ങള്‍ക്ക് ഒരു നിമിഷത്ത ആലോചനയും അര്‍ത്ഥവും കൂടി തരുന്ന ഒരു ചിത്രമാണ് മാരി 2. പ്രേക്ഷകരെ അതിശയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആവേശം കൊള്ളിച്ചും മാരി കൈയ്യടികള്‍ നേടിക്കൊണ്ട് പരമ്പര തുടരുന്നു.

error: Content is protected !!