‘വരിക വരിക സഹജരേ’ ആവേശമുണര്‍ത്തിയ ദേശഭക്തി ഗാനം ലൂസിഫറിലും

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ല്‍ ‘വരിക വരിക സഹജരേ’ എന്നാരംഭിക്കുന്ന ദേശഭക്തിഗാനവും. സ്വാതന്ത്ര്യസമരകാലത്ത് അംശി നാരായണ പിള്ള എഴുതിയ വരികള്‍ക്ക് പിന്നീട് ജി ദേവരാജന്‍ മാസ്റ്ററായിരുന്നു സംഗീതം നല്‍കിയത്. ആ ഈണം ഉപയോഗപ്പെടുത്തി ദീപക് ദേവ് റീഡിസൈനിംഗും പ്രോഗ്രാമിംഗും ചെയ്ത ഗാനമാണ് ‘ലൂസിഫറി’ല്‍ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍െ ലിറിക് വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

28 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ ഫാസില്‍, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.