ടൊവീനോ സ്റ്റാറര്‍ ‘ലൂക്ക’ ഗിന്നസ് റെക്കോര്‍ഡിലേക്ക്…

യുവതാരം ടൊവീനോ തോമസ നായകനായെത്തുന്ന ‘ലൂക്ക’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ ‘ഡ്രീം ക്യാച്ചര്‍’ കൊച്ചിയില്‍ ഒരുങ്ങുന്നു. സമീപകാലത്ത് വളരെയധികം പ്രചാരം നേടിയ റെഡ് ഇന്ത്യന്‍ കരകൗശല വസ്തുവായ ഡ്രീം ക്യാച്ചറിന്റെ ഇ ഭീമന്‍ മാതൃക ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ വെച്ച് നര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ‘സ്റ്റോറീസ് & തോട്ട്‌സ് പ്രൊഡക്ഷന്‍സും’ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ‘കക്കാ ആര്‍ട്ടിസാന്‍സും’ ചേര്‍ന്നാണു ചിത്രത്തിനു വേണ്ടി ഈ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ കലാ സംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വോളന്റിയേഴ്‌സും ചേര്‍ന്നാണു 37 അടി വലുപ്പമുള്ള ഈ ഭീമാകാരനെ മൂന്നു ദിവസങ്ങള്‍ കൊണ്ട് ഒരുക്കുന്നത്. പൈന്‍ മരത്തടിയും,പരുത്തി നൂലും,തൂവലുകളും കൊണ്ട് നിര്‍മ്മിക്കുന്ന ഈ ഡ്രീം ക്യാച്ചര്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിലവില്‍ ഈ വിഭാഗത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലിത്വാനിയന്‍ ശില്പി വ്‌ലാഡിമര്‍ പരാനിന്റെ 33 അടിയുടെ റിക്കോര്‍ഡ് അനീസിനും സംഘത്തിനും സ്വന്തമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കലാകാരനും ശില്‍പിയുമായ ലൂക്കായുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണു.
അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഛായഗ്രഹണം നവാഗതനായ നിമിഷ് രവി, എഡിറ്റിംഗ് നിഖില്‍ വേണു. സംഗീതം സൂരജ് എസ് കുറുപ്പ് എന്നിവര്‍ നിര്‍വഹിക്കുന്നു.

ടൊവീനോ തോമസിനൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ലൂക്ക ജുലൈ മാസത്തോടെ തീയറ്ററുകളിലെത്തും.

error: Content is protected !!