ജീവിതത്തെ കഥപറഞ്ഞ് തോല്‍പ്പിച്ച് ലോനപ്പന്‍….

ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രതിസന്ധികളെ നേരിടാന്‍ ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്. ഇരിങ്ങാലക്കുടക്കാരനായ ലോനപ്പനും തന്റെ ജീവീതത്തില്‍ അത്തരം ഒരു തിരിഞ്ഞുനോട്ടമാണ് ആവശ്യം. ഒരു നാട്ടിന്‍പുറത്തെ കാറ്റുകൊണ്ടുള്ള ഒരു യാത്രക്ക് പ്രേക്ഷകനെ അയച്ചുകൊണ്ട്, തന്റെ ഹൃദയകാരിയായ ചിത്രത്തിലൂടെ ഓരോ പ്രേക്ഷകനിലും ചിന്തയുടെ നാമ്പുകള്‍ക്ക് തുടക്കമിടുകയാണ് സംവിധായകന്‍ ലിയോ തദേവൂസ്.

ഇരിങ്ങാലക്കുടയിലെ ഒരു ക്രിസ്തീയ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ സംഭവിക്കുന്ന ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രം പേര് പോലെ തന്നെ ആരംഭിക്കുന്നത് ലോനപ്പന്‍ എന്ന കുട്ടിയുടെ മാമ്മോദീസ ദിവസത്തില്‍ നിന്നാണ്. ‘ദൈവം കനിഞ്ഞവന്‍’ എന്ന പേരു ലോനപ്പന് നല്‍കിക്കൊണ്ട് ലോനപ്പന്റെ കഥ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് തുറക്കപ്പെടുകയാണ്. ചിത്രത്തിന് അനുയോജ്യമായ ഒരു വ്യത്യസ്തയോടെ ടൈറ്റില്‍ ഈ നേരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പിന്നീടങ്ങോട്ട് ഒരു യാത്രപോലെയാണ് കഥയുടെ ഒഴുക്ക്. തന്റെ ഗ്രാമത്തില്‍ ഒരു വാച്ച് കട നടത്തുന്ന ലോനപ്പനായെത്തുന്ന ജയറാമിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനും തന്റെ നാട്ടിന്‍ പുറത്തെ ചെറിയ വലിയ സന്തോഷങ്ങളും പരിഭവങ്ങളും, ലോനപ്പന്റെ ദൈനംദിന ജീവിതത്തിലെ രംഗങ്ങുളമെല്ലാം തന്നെ വളരെ സ്വാഭാവികത്വത്തിലൂടെ സംഭവിക്കുന്നു. പിന്നീട് തന്റെ ജീവിതത്തിലേക്കുള്ള ചില കഥാപാത്രങ്ങളുടെ കടന്നുവരവിലൂടെ
ലോനപ്പന്റെ ജീവിതം ആകെ മാറ്റി മറിക്കപ്പെടുകയാണ്.

വളരെ പ്രശംസയര്‍ഹിക്കേണ്ട ഒന്നാണ് ചിത്രത്തിന്റെ കഥയും കാസ്റ്റിങ്ങും. കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ താരങ്ങളെത്തനെയാണ് ലിയോ തദേവൂസ് തന്റെ ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. ലോനപ്പന്റെ വീട്ടുകാരായും നാട്ടുകാരായും ചെറുതും വലുതുമായെത്തിയ എല്ലാ കഥാപാത്രങ്ങളും ഒരു യഥാര്‍ത്ഥ നാട്ടിന്‍ പുറത്തേക്ക് നമ്മളെ കൊണ്ടുപോകുന്നുണ്ട്…

ശാന്തികൃഷ്ണ, ഇന്നസെന്റ്, ജോജു ജോര്‍ജ്, നിഷ സാരംഗ്, ഹരീഷ് കണാരന്‍, ഇവ പവിത്രന്‍, നിയാസ് ബക്കര്‍, കനിഹ എന്നിങ്ങനെ മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ആദ്യ പകുതിയില്‍ തങ്ങളുടെ വ്യത്യസ്ഥ കഥാപാത്രങ്ങളുമായെത്തിയപ്പോള്‍ ചിത്രത്തില്‍ ലയിച്ചിരിക്കാനുള്ള ഒരു വിരുന്ന് പ്രേക്ഷകന് സൃഷ്ടിക്കെപ്പെട്ടു.

ആദ്യ ഭാഗത്തില്‍ ലോനപ്പന്റെ ഉറ്റ സുഹൃത്ത് കുഞ്ഞൂട്ടനായെത്തുന്ന ദിലീഷ് പോത്തനും ലോനപ്പനും ഏറെ നാളുകള്‍ക്ക് ശേഷം കണ്ടു മുട്ടുന്ന രംഗത്തില്‍ ജനപ്രിയ നായകന്‍ ജയറാമിന്റെയുള്ളിലെ അഭിനയ പ്രതിഭ സ്‌ക്രീനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ലോനപ്പന്റെ വല്ല്യേച്ചിയായിയെത്തിയ ശാന്തികൃഷ്ണയും മറ്റു സഹോദരിമാരായെത്തിയ നിഷ സാരംഗ്, ഇവ പവിത്രന്‍ എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങളുമെല്ലാം തന്നെ വളരെ തന്മയത്തത്തോടെയാണ് തങ്ങളുടെ വേഷം കൈകാര്യം ചെയ്തത്. കൂടാതെ ലോനപ്പന്റെ ചെറുപ്പകാലത്തെ അവതരിപ്പിക്കുന്ന ബാലതാരം ജയറാമിന്റെ തനിപ്പകര്‍പ്പോടെയാണെത്തിയത്.

ഏറെ എടുത്ത് പറയേണ്ട മറ്റ്‌ രണ്ട് കാര്യങ്ങളാണ് ചിത്രത്തിലെ സംഗീതവും ദൃശ്യങ്ങളും. നാട്ടിന്‍ പുറത്തിന്റെ ഒരിട്ടാവട്ടവും അതിന്റെ സത്തയും ചിത്രത്തിലുടനീളം കൊണ്ടുവരാന്‍ സഹായിക്കുന്നതില്‍ ഈ രണ്ട് ചേരുവകള്‍ക്കും വളരേയധികം സാധിച്ചു. ഛായാഗ്രാഹകന്‍ സുധീര്‍ സുരേന്ദ്രന്റെ ക്യാമറ വൈഭവും അല്‍ഫോണ്‍സ് ജോസഫിന്റെ ഹൃദയസ്പര്‍ശിയായ സംഗീതവും ചിത്രത്തെ പ്രേക്ഷകന് ഒരനുഭവമാക്കി മാറ്റി.

മലയാളത്തില്‍ നല്ല സിനിമകള്‍ക്ക് വിരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ജയറാം തന്നെ പറഞ്ഞതുപോലെ എല്ലാവരുടെയും ഉള്ളില്‍ ഒരു ലോനപ്പന്‍ ഉണ്ട്. തന്റെ കഥകളിലൂടെ ലോനപ്പന്‍ ജീവിതത്തെ തോല്‍പ്പിച്ചതുപോലെ ജീവിതത്തില്‍ ഒരു പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് ലോനപ്പന്റെ മാമ്മോദീസ ഒരു പ്രേരണയും പ്രചോദനമാകുമെന്നത് തീര്‍ച്ച…

error: Content is protected !!