കോട്ടയം നസീറിന്റെ സംവിധായക അരങ്ങേറ്റ ചിത്രം ‘കുട്ടിച്ചന്‍’ നാളെ തിയ്യേറ്ററുകളിലേക്ക്..

തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് മിമിക്രിയിലും ചിത്രരചനയിലും കഴിവുതെളിയിച്ച കോട്ടയം നസീര്‍ എന്ന കലാകാരന്‍ ഇനി സംവിധായകന്റെയും വേഷമണിയുന്നു. നസീര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഹ്രസ്വചിത്രം ‘കുട്ടിച്ചന്‍’ എന്ന തലക്കെട്ടിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യുവനടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ഒരു സിനിമയുടെ ബഡ്ജറ്റില്‍ തന്നെയാണ് നസീര്‍ തന്റെ ചിത്രമൊരുക്കിയിരിക്കുന്നത്. ‘കുട്ടിച്ചന്‍’ എന്ന മലയോര കര്‍ഷകന്റെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്തിനുവേണ്ടി നടന്‍ മോഹന്‍ ലാല്‍ തന്റെ ശബ്ദം നല്‍കിയിട്ടുണ്ട്.

നാളെ ഫെബ്രുവരി 14ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, മായ പാര്‍വ്വതി, മറിയ, മായ എന്ന കോമഡി ഷോ താരം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജാഫര്‍ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചുവാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ക്യാമറ കനകരാജനും നിര്‍വ്വഹിക്കുന്നു. ട്രെയ്‌ലര്‍ കാണാം..