ജീവിതത്തിലെ യഥാര്‍ത്ഥ നിമിഷങ്ങളെ മനസ്സില്‍ പതിപ്പിച്ച് കോട്ടയം നസീറിന്റെ ‘കുട്ടിച്ചന്‍’….

കോട്ടയം നസീര്‍ എന്ന കലാകാരന്‍ ഒരിക്കല്‍കൂടി തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. നസീര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധായക വേഷത്തിലെത്തിയ ഹ്രസ്വ ചിത്രമായ ‘കുട്ടിച്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്നിലെ സംവിധായകനെക്കൂടി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ നടന്‍ ടൊവീനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ലളിതവും ശക്തവുമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. വളരെ നൈര്‍മിഷീകമായ ഒരു സംഭവത്തെ ഏറെ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുട്ടിച്ചന്‍’. കുട്ടിച്ചന്‍ എന്ന വൃദ്ധന്റെ ജീവീതത്തിലെ വളരെ ചെറിയതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു സംഭവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നസീറിന്റെ കഥക്ക് ജീവന്‍ നല്‍കി ജാഫര്‍ ഇടുക്കി എന്ന അതുല്യനായ നടനും തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു.

മനീഷ് കുരുവിള, കണ്ണന്‍ വിജി എന്ന നിര്‍മ്മാതാക്കളുടെ പിന്തുണയോടെ ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ബഡ്ജറ്റില്‍ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍, ഛായാഗ്രണം കനകരാജ്, എഡിറ്റിങ്ങ് അച്ചു വിജയന്‍, എന്നിവരാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. മില്ലെനിയം വീഡിയോസിന്റെ ഒഫീഷ്യല്‍ പേജിലൂടെ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്..