കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം

24ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. വിയറ്റ്‌നാമീസ് ചലച്ചിത്രം ‘ ദി തേഡ് വൈഫ് ‘ മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. 51 ലക്ഷം രൂപയാണ് സമ്മാനത്തുക. ആഷ് മേഫയറാണ് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മല്‍സരിച്ച ദി തേഡ് വൈഫിന്റെ സംവിധായിക. ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ അവാര്‍ഡും സാക്ഷ്യപത്രവും മേഫയറിന് മേളയില്‍ വെച്ച് കൈമാറി.

ഈജിപ്ഷ്യന്‍ സംവിധായകന്‍ അബു ബകര്‍ ശൗകി മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി. യൗമുദ്ദീന്(അന്ത്യനാള്‍) എന്ന സിനിമയാണ് ശൗകിയെ അവാര്‍ഡിനര്‍ഹനാക്കിയത്. 21 ലക്ഷം രൂപയാണ് സമ്മാനത്തുക. സുര്‍ജോ പൃഥ്വിഭിര്‍ ചര്‍ദികെ ഘോര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അര്‍ജിത്ത് ബിസ്വാസിനെ മേളയിലെ മികച്ച ഇന്ത്യന്‍ സംവിധായകനായി തെരഞ്ഞെടുത്തു. സമ്മാനത്തുകയായി ബിസ്വാസിന് 5 ലക്ഷം രൂപ ലഭിക്കും.

പ്രവീണ്‍ മോര്‍ച്ചലയുടെ വിഡോ ഓഫ് സൈലന്‍സ് മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനുള്ള ഹിരാല്‍ലാല്‍ സെന്‍ മെമ്മോറിയല്‍ പുരസ്‌കാരം നേടി. ഇന്ത്യന്‍ സംവിധായകന്‍ ചുര്‍ണി ഗാംഗുലിയുടെ താരീക്ക് എന്ന ചിത്രത്തിനും ഹംഗേറിയന്‍ സംവിധായകന്‍ അര്‍പദ് ബൊഗ്ദാനിന്റെ ജെനസിസ് എന്ന ചിത്രത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.