കീര്‍ത്തി സുരേഷ് ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് ഒരുങ്ങുന്നു… നായകനായെത്തുന്നത് അജയ് ദേവ്ഗണ്‍..

അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്. കഴിഞ്ഞ വര്‍ഷം ഏറെ നിരൂപക പ്രശംസ നേടിയ ‘ബധായി ഹോ’ എന്ന ചിത്രത്തിന്റെ സംവിധായകനായ അമിത് ശര്‍മ ഒരുക്കുന്ന ചിത്രത്തിലാണ് കീര്‍ത്തിയും അജയും ഒന്നിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയായിരുന്ന സയിദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുമ്പോള്‍ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ കോച്ച് ആയിരുന്നു സയിദ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലുള്ള കീര്‍ത്തിയുടെ സ്വാധീനം തന്നെയാണ് കീര്‍ത്തിയെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

”ഈ സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ ഏറെ ആവേശത്തിലും അഭിമാനത്തിലുമാണ. ഇന്ത്യന്‍ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരധ്യായമാണിത്. ഇത് നിര്‍മ്മിക്കുന്നവര്‍ ഈ കഥ തിരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ചിത്രം കാണുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനം നല്‍കും.” കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റിലാണ് കീര്‍ത്തി ഇപ്പോള്‍. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!