പ്രണയവും വിരഹവുമായി ‘കലങ്ക്’-ട്രെയിലര്‍ പുറത്തുവിട്ടു

വന്‍ താരനിരയെ അണിനിരത്തി ബോളിവുഡില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കലങ്ക്’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വരുണ്‍ ധവാന്‍-ആലിയ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന കലങ്ക് ഇന്ത്യാ വിഭജന കാലത്തെ ഒരു പ്രണയ കഥയാണ്. മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കലങ്കിനുണ്ട്. സൊനാക്ഷി സിന്‍ഹയും, ആദിത്യ റോയ് കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയെ ആയിരുന്നു ബഹാര്‍ ബീഗം എന്ന കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. നടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ആ വേഷം മാധുരിയില്‍ എത്തിച്ചേര്‍ന്നത്. ചിത്രത്തിനു വേണ്ടി ആലിയ കഥക് പഠിക്കുന്നത് നേരത്തെ വാര്‍ത്തായായിരുന്നു. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.