മലയാളത്തില്‍ ഇനി ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുത് : ജീത്തു ജോസഫ്

ഈ സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ പട്ടമൊക്കെ ഒരു മികച്ച നടനെന്ന നിലയില്‍ അവര്‍ക്ക് തന്നെ വലിയ ഭാരമാകാറുണ്ട് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് .സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നാണ് സംവിധായകന്‍ പറയുന്നത്. അതിനുദാഹരണമായി ജീത്തു ചൂണ്ടിക്കാണിക്കുന്നത് തന്റെ തന്നെ ചിത്രമായ ദൃശ്യമാണ്.

ദൃശ്യത്തിലെ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗത്തിനെ അന്ന് പലരും എതിര്‍ത്തിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ അതിന് തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അതിന്റെ തമിഴ് പതിപ്പില്‍ നിന്നും തന്റെ ഇമേജ് ഭയന്ന് രജനീകാന്ത് പിന്‍മാറിയെന്നും പിന്നീട് കമല്‍ഹാസനാണ് നായകനായതെന്നും ജീത്തു പറയുന്നു.