നിരാശയും ഒപ്പം കോമഡിയും,’ജോണി ജോണി യെസ് അപ്പാ’ – റിവ്യൂ

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ജോണി ജോണി യെസ് അപ്പാ’ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ചിത്രത്തില്‍ നായികാ നായകന്മാരായി എത്തുന്നത്. മംമ്ത മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തിയേറ്ററില്‍ എത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ജോണി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രത്തില്‍ ജെയ്‌സ എന്ന കഥാപാത്രമായാണ് അനു സിത്താര എത്തുന്നത്.ജെയ്‌സയുമായുള്ള പ്രണയം ചെറുപ്രായത്തിലേ ആരംഭിച്ചതാണ്. എന്നാല്‍ ജെയ്‌സയുടെ പിതാവിന് ഈ ബന്ധം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇവരുടെ പ്രണയവും ജോണിയുടെ മോഷണങ്ങളും, ഇയാളുടെ തനിനിറം പുറത്തു കൊണ്ടു വരാന്‍ പീറ്റര്‍ നടത്തുന്ന ശ്രമങ്ങളുമെല്ലാമായാണ് കഥ പുരോഗമിക്കുന്നത്. ഒരു മോഷണ ശ്രമത്തിനിടയിലാണ് ആദം (മാസ്റ്റര്‍ സനൂപ്) ജോണിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആദത്തിന്റെ വരവ് ജോണിയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയാണ്. ആദ്യ പകുതി ജോണിയെ ചുറ്റിപ്പറ്റിയാണെങ്കില്‍ രണ്ടാം പകുതി ആദത്തെ ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. മംമ്ത അവതരിപ്പിക്കുന്ന അമല എന്ന കഥാപാത്രമാണ് ആദത്തിന്റെ അമ്മ.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനേത്രി ഗീത മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’. ജോണിയുടെ അമ്മയായിട്ടാണ് ഗീത അഭിനയിക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം ‘വെള്ളിമൂങ്ങ’യുടെ തിരക്കഥയൊരുക്കിയ ജോജി തോമസാണ് ‘ജോണി ജോണി യെസ് അപ്പ’യ്ക്കും തിരക്കഥ രചിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനോളം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മാസ്റ്റര്‍ സനൂപും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പരസ്പ്പരം ചേരാത്ത കഥയും കഥാസന്ദര്‍ഭങ്ങളും ചേര്‍ത്തുവെച്ചപോലെയാണ് സിനിമ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.സിനിമ കാണുന്ന പ്രേക്ഷരെക്കുറിച്ച് ഒട്ടും ചിന്തിക്കാതെയാണോ സംവിധായകനും തിരക്കഥാകൃത്തും ഈ ചിത്രം ഒരുക്കിയതെന്നു സംശയിക്കേണ്ടി വരും. ചിത്രത്തില്‍ ടിനി ടോമും അനു സിതാരയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ ഷറഫുദ്ദീനും ടിനി ടോമും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം അങ്ങേയറ്റം ആവര്‍ത്തന വിരസതയും നല്‍കുന്നു. എങ്കിലും കണ്ടിരിക്കാന്‍ പറ്റിയ ഒരു കുടുംബചിത്രമാണ് ‘ജോണി ജോണി യെസ് അപ്പാ’.