വേഷപകര്‍ച്ചകളുടെ തമ്പുരാന്‍ ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 68ാം പിറന്നാള്‍. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ കഥാപാത്രങ്ങള്‍ ഒരിക്കലും മലയാളികള്‍ മറക്കാനിടയില്ല. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് അദ്ദേഹം ജനിച്ചത്.

മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി, കലാലോകത്തേക്ക് കടക്കുന്നത് അച്ഛന്റെ നാടകങ്ങളിലൂടെയാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചു കാലം മെഡിക്കല്‍ റപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്‌ക്കെത്തുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. ഒരു ഹാസ്യതാരം എന്ന നിലയില്‍ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു. ഹാസ്യനടന്മാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനം. പക്ഷെ മികച്ച സ്വഭാവ നടന്മാരില്‍ ഒരാളാണ് താന്‍ എന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചു. പത്മരാജന്റെ മൂന്നാം പക്കം, അടൂരിന്റെ നിഴല്‍ക്കുത്ത് എന്നിവ ഇതിന് ഉദാഹരണം. നിഴല്‍ക്കുത്തിലെ അഭിനയത്തിന് ജഗതിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. 1991ല്‍ അപൂര്‍വ്വം ചിലര്‍, കിലുക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

തുടര്‍ന്ന് അരശുംമൂട്ടില്‍ അപ്പുക്കുട്ടനായും, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായും കുമ്പിടിയായുമെല്ലാം അദ്ദേഹം വെള്ളിത്തിരയെ വിസ്മയിപ്പിച്ചു. കാലങ്ങളായി മലയാളത്തിന് ഹാസ്യത്തിന്റെ മറുവാക്കാണ് അദ്ദേഹം. 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ജഗതിക്ക് പകരം വെയ്ക്കാന്‍ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാന്‍ പോലും പറ്റില്ല.