പച്ചാളത്ത് നിന്നും ‘ഒരു ഒന്ന് ഒന്നര’ നായകൻ…

ഒരുമിച്ച് സ്‌റ്റേജില്‍ പരസ്പരം മത്സരിച്ചവര്‍. പിന്നീട് ആ കലായാത്ര ഒരുമിച്ചായി. അണിയറയില്‍ നിന്നും പതിയെ വെള്ളിത്തരിയിലേക്ക്. ആദ്യം കൂട്ടുകാരന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ തൊട്ടുപിറകെ നായകനായി തന്നെ ബിബിന്‍ ജോര്‍ജ്ജും. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയിലൂടെ വിഷ്ണു നായകനായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ബിബിനായിരുന്നു. കാരണം അവര്‍ ചേര്‍ന്ന് ഒരുമിച്ചെഴുതി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ വിജയഭേരിയായിരുന്നു നായകനായുള്ള വിഷ്ണുവിന്റെ അരങ്ങേറ്റം. ഇന്ന് ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ തിയേറ്ററില്‍ ചിരി മഴ പെയ്യിക്കുമ്പോള്‍ ഏറ്റവും സന്തോഷം വിഷ്ണുവിനാണ്. കാരണം മിമിക്രി വേദിയില്‍ നിന്ന് ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ട്, എഴുതി തുടങ്ങിയ കൂട്ടുകാര്‍ വെള്ളിത്തിരയിലും ഒരു മനസ്സായി മുന്നോട്ട് പോവുകയാണ്.

ഇരുവരും ചേര്‍ന്നെഴുതി ദുല്‍ഖര്‍ നായകനാകുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ പ്രതീക്ഷയിലാണ് വിഷ്ണുവും ബിബിനും. മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നൗഫല്‍. നാദിര്‍ഷ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷയില്‍ നിന്ന് ദുല്‍ഖര്‍ തിരിച്ചെത്തുന്ന ചിത്രം ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അരവിന്ദന്റെ അതിഥികളിലൂടെ പ്രേക്ഷക പ്രശംസ നേടിയ നിഖില വിമലും സംയുക്താ മേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ക്രിസ്മസ്സ് റിലീസായിട്ടായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണറിയുന്നത്. ഒരു പഴയ ബോംബ് കഥയിലൂടെ നായകനായി മാറിയ ബിപിന്‍ കൂട്ടുകാരനൊന്നിച്ച് എഴുതിയ തിരക്കഥയില്‍ ദുല്‍ഖര്‍ നായകനാകുന്നതിന്റെ ത്രില്ലിലാണ് സെല്ലുലോയ്ഡിനോട് സംസാരിക്കുന്നത്.

. ഒരു പഴയ ബോംബ് കഥയിലൂടെ നായകതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം…. നായകാനാകുമെന്ന് എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിരുന്നോ?

. ഒരു സിനിമ നേരിടാവുന്ന സകല പ്രതിസന്ധികളേയും നേരിട്ടാണ് ഒരു പഴയ ബോംബ് കഥ തിയേറ്ററില്‍ നിറഞ്ഞോടുന്നത്. പ്രകൃതിയാവട്ടെ, അല്ലെങ്കില്‍ സിനിമ ഇറങ്ങിയ ഉടന്‍ വന്ന ചില നെഗറ്റീവ് റിവ്യൂ ആകട്ടെ ഇതിനെയെല്ലാം അതിജീവിച്ച് സിനിമ മുന്നോട്ട് പോയത് പ്രേക്ഷക പിന്തുണ കൊണ്ട് മാത്രമാണ്. ആളുകള്‍ ഈയടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കണ്ട് ചിരിച്ച സിനിമയായിട്ടാണ് മൊത്തത്തിലുള്ള അഭിപ്രായം.

നായകനാകുമെന്ന് സ്വപ്നം കണ്ടിരുന്നോ എന്ന് ചോദിച്ചാല്‍ കുഞ്ഞു നാള്‍ മുതലേ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം പക്ഷേ ആരോടും പറഞ്ഞിരുന്നില്ല. നായകനാകാനല്ലെങ്കില്‍ പോലും അഭിനയിക്കാന്‍ വേണ്ടിയാണ് എഴുതി തുടങ്ങിയത്. അമര്‍ അക്ബര്‍ അന്തോണിയാകട്ടെ, കട്ടപ്പനയിലെ ഋത്വിക് റോഷനാകട്ടെ വിഷ്ണുവിനെ വെച്ച് തന്നെ ആലോചിച്ചെഴുതിയതാണ്. പക്ഷേ ഞാനൊരിയ്ക്കലും എന്നെ വെച്ച് ഒരു കഥ ആലോചിക്കുകയോ എഴുതുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അവനും ഞാനും ഒരുപോലെ അങ്ങിനെ ചിന്തിച്ചിട്ടില്ല. ഒരെണ്ണം അവന്‍ ചെയ്തു… അടുത്തത് ഞാന്‍ ചെയ്യാം അങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല. ദൈവാനുഗ്രഹത്താല്‍ ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ എന്നീ രണ്ടുപേര്‍ എനിയ്ക്ക് വേണ്ടി ഈ കഥയുമായി വരുന്നു. അത് പിന്നീട് യാഥാര്‍ത്ഥ്യമാവുന്നു. ആദ്യം ആല്‍വിന്‍ ചേട്ടനാണ് വരുന്നത്. പിന്നെ ഷാഫി സാറിലേക്കെത്തി, സിനിമ തുടങ്ങി.

. സോഷ്യല്‍ മീഡിയയുടെ പെട്ടെന്നുള്ള അഭിപ്രായ പ്രകടനം സിനിമകളെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ?

. സോഷ്യല്‍ മീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഞാന്‍ കൂടുതലായും കണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങള്‍ ചെയ്താലും അതിലൊക്കെ കുറച്ച് കുറവുകളുള്ള പോലെ തന്നെ ചിലയാളുകള്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടി ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടാകും. അത് പക്ഷേ ഒരിയ്ക്കലും തടയാന്‍ പറ്റില്ല. ദുരുപയോഗം കൊണ്ട് മാത്രം നമുക്ക് ലഭിക്കുന്ന ഗുണങ്ങളേയൊന്നും വേണ്ടെന്ന് വെയ്ക്കാനാവില്ല. എന്റെ സിനിമയെ കുറിച്ചാണെങ്കിലും നെഗറ്റീവ് റിവ്യൂ ആദ്യം സോഷ്യല്‍ മീഡിയയിലായിരുന്നില്ല വന്നത്. അത് വേറൊരു മാധ്യമത്തിലായിരുന്നു. പക്ഷേ ഞാനതിനെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവരത് കണ്ടു അവര്‍ക്കിഷ്ടപ്പെട്ടില്ല അവര്‍ റിവ്യൂ എഴുതി. പക്ഷേ പ്രേക്ഷകര്‍ സിനിമ കണ്ടു. അവര്‍ക്കിഷ്ടപ്പെട്ടു ഇപ്പോഴും ചിത്രം തിയേറ്ററിലോടുന്നു. അത് തന്നെയല്ലേ ഏറ്റവും വലിയ അംഗീകാരം.

. വിഷ്ണുവുമായുള്ള സൗഹൃദത്തെ കുറിച്ച്…?

. വിഷ്ണു എന്റെ കുഞ്ഞുനാള്‍ മുതലേ ഉള്ള കൂട്ടുകാരനാണ്. എനിയ്ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും ഞാനൊന്ന് കണ്ണ് ചിമ്മിയാല്‍ അല്ലെങ്കില്‍ എന്റെ പുരികമൊന്ന് പൊങ്ങിയാല്‍ മനസ്സിലാക്കാവുന്ന അത്രയും ആത്മബന്ധം ഇരുവരും തമ്മിലുണ്ട്. ഞങ്ങള്‍ തമ്മിലുള്ള മാനസിക ഇഴയടുപ്പം തന്നെയാണ് ഇരുവരും ഒന്നിച്ചെഴുതാനുള്ള കാരണം. ഒരു പഴയ ബോംബ് കഥ വിജയിച്ചതില്‍ എന്നേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് വിഷ്ണുവാണ്.

. രണ്ട് പേര്‍ ചേര്‍ന്നെഴുതുമ്പോള്‍ ശരിയ്ക്കും എഴുത്ത് ആരുടെ ഉത്തരവാദിത്വമാണ്…?

. രണ്ടു പേരും എഴുതാറുണ്ട്. ആദ്യം കഥ രണ്ടുപേരില്‍ ആരുടേയുമെങ്കിലും ഒരാളുടെ ഉള്ളിലായിരിക്കും രൂപപ്പെടുന്നത്. അതിന് ശേഷം ഞങ്ങള്‍ ആ കഥ വികസിപ്പിക്കും. സീന്‍ ഓര്‍ഡറാക്കും. പിന്നെ പുലര്‍ച്ചെ ഒരു നാല് മണിക്കെഴുന്നേറ്റിരുന്ന് എഴുത്താണ് രീതി.

. എഴുത്ത് വേദനയാണോ?

. ഏയ്…ഒന്നുമില്ല ഒരു ഭാരവുമില്ല….ഭാരമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെഴുതാനാവില്ല. ടെന്‍ഷനടിച്ചുള്ള എഴുത്ത് നടക്കില്ല. അത്‌കൊണ്ട് തന്നെ ആരോടും ഇത് വരെ അഡ്വാന്‍സ് പോലും വാങ്ങിയിട്ടില്ല.

. . ടെലിവിഷന്‍ സ്‌കിറ്റുകളുടെ രചനയിലെത്തിയത്…നാദിര്‍ഷാ യുമായുള്ള ബന്ധം?

. . അത് ബൈജു ജോസ്, ബാബു ജോസ് എന്ന് പറഞ്ഞിട്ടുള്ള രണ്ട് പേരുടെ കോമഡി കസിന്‍സ് എന്ന പ്രോഗ്രാമിനായി തിരക്കഥയെഴുതിയതാണ് തുടക്കം. പിന്നെ ടിം ടോംഗ്, മിന്നും താരം. കളിയും ചിരിയും, രസിക രാജ, അതില്‍ പെര്‍ഫോമും ചെയ്തു. അവസാനം എഴുതിയത് ബഡായി ബംഗ്ലാവാണ്. 17 വയസ്സ് മുതല്‍ 23 വയസ്സ് വരെ ടി.വിയിലായിരുന്നു. നാദിര്‍ഷ ഇക്കയെ കളിയും ചിരിയും എന്ന പ്രോഗ്രാമിലൂടെയാണെനിക്ക് പരിചയം. ആ പ്രോഗ്രാമിന് സ്‌ക്രിപ്റ്റ് എഴുതി കൊണ്ടിരിക്കുകയായിരുന്നു. അവിചാരിതമെന്നൊക്കെ പറയുന്നത് പോലെയാണത്. ഞാന്‍ മുന്‍പ് ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റിനായി ഒരു സ്‌കിറ്റ് എങ്കിലും എഴുതണമെന്ന് വിചാരിച്ച വ്യക്തിയാണ്. ഒരു തവണ ദേ മാവേലി കൊമ്പത്തിലെ ഒരു മുഴുവന്‍ സ്‌ക്രിപ്റ്റുമായി ചെന്ന സമയത്ത് ഇക്ക പറഞ്ഞു സ്‌ക്രിപ്റ്റ് ഒക്കെ വായിച്ചു കൊള്ളാം. പക്ഷേ ഇത്തവണ ഞാനത് ചെയ്യുന്നില്ല നിര്‍ത്തുകയാണെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ വല്ലാത്ത സങ്കടമായി. അതിന് ശേഷം ഇക്കയിലൂടെയാണ് ഞങ്ങള്‍ സിനിമയിലേക്കെത്തുന്നത്. ഒരു പക്ഷേ അന്ന് നാദിര്‍ഷ ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനും വിഷ്ണുവും ഒക്കെ പച്ചാളത്തെ മുളക് ബജിയും തിന്നിരിപ്പുണ്ടാവും.

. സംവിധായകരും എഴുത്തുകാരും ബിപിനെ തേടിയെത്താന്‍ തുടങ്ങിയോ…?

. ഒരുപാട് പേര്‍ വരുന്നുണ്ട്. പ്രമുഖ സംവിധായകരെല്ലാം തന്നെ സിനിമ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. അവരുടെ വരാനിരിക്കുന്ന സിനിമകളിലെല്ലാം എനിക്ക് അവസരമുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഏറ്റവും വലിയ സന്തോഷമെന്നത് അവരാരും തന്നെ എന്റെ ഈ വൈകല്ല്യത്തെ വെച്ചുള്ള കഥാപാത്രങ്ങളല്ല പറഞ്ഞിട്ടുള്ളത് എന്നതാണ്. സാധാരണ മനുഷ്യര്‍ ചെയ്യുന്ന പോലുള്ള കഥാപാത്രങ്ങളാണെന്നത് ഏറെ സന്തോഷം തരുന്നുണ്ട്. അങ്ങിനെ പ്രേക്ഷകര്‍ ഒരു സാധാരണ നടനായി കണ്ടാല്‍ അതാണെന്റെ ഏറ്റവും വലിയ ഭാഗ്യം.

. ഒരു യമണ്ടന്‍ പ്രേമ കഥയെ കുറിച്ച്…?

. നിങ്ങളെ പോലെ തന്നെ ദുല്‍ഖര്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമ കഥയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങളും. ഞാനും വിഷ്ണുവും ഒന്നര കൊല്ലത്തോളം എടുത്ത് എഴുതിയ തിരക്കഥയാണ്. സിനിമ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ വിഷ്ണുവും ഞാനും അഭിനയം തുടരുന്നു.

. തരംഗമായ കല്ല്യാണ കുറി…വിവാഹം…കുടുംബം?

. അത് അച്ചടിക്കാന്‍ ആദ്യം നല്‍കിയത് ഒരു സാധാരണ കല്ല്യാണ കത്ത് ആയിരുന്നു. അപ്പോള്‍ എഴുത്തുകാരനായ ആളായിട്ട് കല്ല്യാണ കത്ത് ഒരു രസമില്ലല്ലോ എന്ന് പറഞ്ഞപ്പോഴാണ്. അപ്പോള്‍ തന്നെ അങ്ങിനെ രസകരമായി കത്ത് ആ കടയില്‍ വെച്ച് തന്നെ എഴുതി നല്‍കിയത്. അത് വൈറലാവുകയും ചെയ്തു.

കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം കഴിയുന്നു. പേര് ഗ്രേഷ്മ എം.എ ഹിന്ദിക്ക് പഠിയ്ക്കുന്നു. വീട്ടില്‍ ഇവരെ കൂടാതെ രണ്ടു ചേച്ചിമാരും അമ്മച്ചിയുമുണ്ട്. രണ്ട് ചേച്ചിമാരുടേയും കല്ല്യാണം കഴിഞ്ഞു. അപ്പച്ചന്‍ ആറ് വര്‍ഷം മുന്‍പ് നമ്മളെ വിട്ട് പോയി. അമ്മച്ചിക്ക് കൂട്ടായി ഗ്രേഷ്മയും വന്നതോടെ സന്തോഷം.

 

സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്‌.

 

 

 

 

error: Content is protected !!