മലയാള സിനിമയുടെ ‘അതിശയന്‍’ നായകനാകുന്നു…

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്.എം ടി-ഹരിഹരന്‍ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഭദ്രന്‍, പി.എന്‍ മേനോന്‍, ജി.എസ് വിജയന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ചുവന്ന പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാര്‍. മുംബൈയില്‍ ബി.എസ്.സി ഫിലിം മേക്കിംഗ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ദേവദാസ് ഇപ്പോള്‍.

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചു വളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ ബാബുരാജ് വ്യക്തമാക്കി. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്‌സ്. ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും.  ആക്ഷനും സസ്‌പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്നും സംവിധായകന്‍ പറയുന്നു.

യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് കഥയും തിരക്കഥയും ഒരുക്കിയ തിരക്കഥാകൃത്ത് രാമു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കൗമാരക്കാര്‍ വീട്ടില്‍നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോള്‍ അവര്‍ നേരിടുന്ന ചില സോഷ്യല്‍ റിയാലിറ്റികളാണ് കളിക്കൂട്ടുകാര്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് രാമു ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

ദേവദാസിനെ കൂടാതെ നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്‌നേഹ സുനോജ്, ഭാമ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്.എഡിറ്റിംഗ് അയൂബ് ഖാനും പശ്ചാത്തല സംഗീതം ബിജിബാലുമാണ്. സംഗീതം വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ് എന്നിവരാണ്. ഗാനരചന റഫീക്ക് അഹമ്മദും ഹരിനാരായണനും നിര്‍വഹിക്കുന്നു. കലാസംവിധാനം എം. ബാവ, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എം. വി ജിജേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് നസീര്‍ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് മോമി, സംഘട്ടനം മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം രേഖ മഹേഷ്, അബ്ബാസ്, പി ആര്‍ ഒ പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്റ് ഡയറക്ടര്‍ യദുകൃഷ്ണ പി.ജെ, റിതു, തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

error: Content is protected !!