ബോളിവുഡില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ നായകന്‍ അമിതാഭ് ബച്ചന്‍തന്നെ- പൃഥ്വിരാജ്

ബോളിവുഡില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചനെ വെച്ചായിരിക്കുമെന്ന് പൃഥ്വിരാജ്. നയന്‍, ലൂസിഫര്‍, ആടുജീവിതം തുടങ്ങിയ തന്റെ സിനിമകളുടെ വിശേഷങ്ങള്‍ അറിയിക്കാന്‍ മുംബൈ ഫെയ്‌സ്ബുക്ക് ഓഫീസിലെത്തിയ പൃഥ്വി ലൈവിലൂടെ തന്റെ ബോളിവുഡ് സ്വപ്‌നം പങ്കുവയ്ക്കുകയാണ്.

അയ്യാ, ഔറംഗസേബ്, നാം ശബാന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അമിതാഭ് ബച്ചനെ വെച്ചായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. എല്ലാവരെയും പോലെ താനും അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനാണ്. എന്നെങ്കിലും ഒരു അവസരം കിട്ടിയാല്‍ ബച്ചനെ കണ്ട് സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ബോളിവുഡില്‍ ഏതു തരത്തിലുള്ള സിനിമയെടുക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.

ബോളിവുഡില്‍ എടുക്കാനായി ഒരു കഥ ഇപ്പോള്‍ എന്റെ പക്കലില്ല. എന്നാല്‍, ബച്ചന്റെ കടുത്ത ആരാധകനാണ് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. എങ്ങനെയെങ്കിലും അദ്ദേഹവുമായി സംസാരിക്കാന്‍ ഒരു വിദൂര സാഹചര്യമെങ്കിലും ഒത്തുവന്നാല്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ വച്ചുള്ള ഒരു സിനിമ ചെയ്യും. എല്ലാ ഇന്ത്യക്കാരേയും പോലെ ഞാനും ബച്ചന്റെ മാസ്മരിക വലയത്തിലാണ്. രാജ്യം കണ്ട എറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ് അമിതാഭ് ബച്ചനെന്നും പൃഥ്വിരാജ് പറഞ്ഞു.