കിടു ലുക്കില്‍ ചിയാന്‍ വിക്രം ; കദരംകൊണ്ടന്‍ ഫസ്റ്റ്‌ലുക്ക് ഇറങ്ങി

കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കദരം കൊണ്ടന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കമലഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജേഷ് എം.സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്.

‘കദരം കൊണ്ട’ന്റെ ചിത്രീകരണം നിലവില്‍ മലേഷ്യയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജാ കുമാറാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസനും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണിത്.

ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിംഗ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2, പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. സ്വാമി2 ആണ് വിക്രമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിയാന്‍ വിക്രമിന്റെ 56ാമത് സിനിമകൂടിയാണ് കദരം കൊണ്ടന്‍.