ജനകീയ ജനാധിപത്യ ‘സര്‍ക്കാര്‍’ ഉണ്ടാക്കാന്‍ വിജയ്…മൂവി റിവ്യൂ

ലോകമൊട്ടാകെ 3400 സ്‌ക്രീനുകളില്‍ പ്രദര്‍ശനം, 300 ഫാന്‍സ് ഷോകള്‍. 51 കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനം…ലേഡീസ് ഫാന്‍ ഷോകള്‍. കേരളത്തില്‍ മാത്രം 402 സ്‌ക്രീനുകള്‍. ടീസറില്‍ തന്നെ ലൈക്കുകളാല്‍ റെക്കോര്‍ഡിട്ട് ദീപാവലി റിലീസായെത്തിയ സര്‍ക്കാരിന്റെ വിശേഷങ്ങളാണിന്ന് മൂവി റിവ്യൂവില്‍.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുകദോസും വിജയും ഒന്നിച്ച ചിത്രം തമിഴ്‌നാട് രാഷ്ട്രീയമാണ് വരച്ചുകാട്ടുന്നത്. അമേരിക്കയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ നമ്പര്‍ വണ്‍ സി.ഇ.ഒ ആയ സുന്ദര്‍ രാമസ്വാമിയായി വിജയ് എത്തുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി നാട്ടിലെത്തിയ സുന്ദറിന് പക്ഷേ കള്ളവോട്ട് നടന്നതിനാല്‍ വോട്ട് ചെയ്യാനാകുന്നില്ല. വോട്ടിനായി നിയമ പോരാട്ടവും, ജനാധിപത്യത്തിലെ പാകപിഴകള്‍ തുറന്ന് കാട്ടുന്നതും, ജനങ്ങളെ ബോധവത്കരിക്കുന്നതുമെല്ലാമായി സിനിമയുടെ ആദ്യ പകുതി. ജനകീയ ജനാധിപത്യ സര്‍ക്കാര്‍ എന്നതാണ് മുദ്രാവാക്യമെങ്കിലും വിജയ് എന്ന ഏക അച്ചുതണ്ടിനെ ചുറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സണ്‍ പിക്‌ചേഴ്‌സ് ഒരുക്കിയ ചിത്രമായതിനാലാകും പ്രതിപക്ഷത്തിന്റെ റോളായിരുന്നു വിജയ്ക്ക്. പതിവ് വിജയ് ചിത്രങ്ങളുടെ ആട്ടം, പാട്ട്, അടി, ഇടി,കാര്‍ സ്റ്റണ്ട് തുടങ്ങീ വിജയ ഫോര്‍മുലയില്‍ നിന്ന് ചിത്രത്തിനൊരു മാറ്റവും ഇല്ല. എ.ആര്‍.റഹ്മാന്റെ സംഗീതം അകമ്പടിയാകുമ്പോള്‍ ഇതെല്ലാം വിജയ് ഫാന്‍സിനെ സംതൃപ്തിപ്പെടുത്തും. ആശുപത്രി രംഗങ്ങളും, അധികാരത്തിന് വേണ്ടി രക്തബന്ധം മറന്നുള്ള കൊലപാതകവുമെല്ലാം തമിഴ്‌നാട്ടിലെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണത്തിലിരിയ്ക്കുന്നവര്‍ക്കെതിരെയുള്ള വിമര്‍ശനമായി തന്നെ അനുഭവപ്പെടും. മെര്‍സല്‍ എന്ന ചിത്രത്തില്‍ ആശുപത്രി മാഫിയക്കെതിരെയും ഡിജിറ്റല്‍ ഇന്ത്യക്കെതിരെയും ജിഎസ്ടിക്കെതിരെയുമെല്ലാം പ്രതിഷേധവുമായെത്തിയ വിജയ് സര്‍ക്കാരില്‍ പണം നല്‍കി വോട്ട് നേടുന്നതിനെയും, ജനകീയ ജനാധിപത്യ സര്‍ക്കാരുണ്ടാക്കുന്നതിന്റെ ആവശ്യകതയെകുറിച്ചുമാണ് വിളിച്ച് പറയുന്നത്.

ജനാധിപത്യത്തിലെ പുഴുകുത്തുകളെ സംബന്ധിച്ചും ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയുമെല്ലാമായി രാഷ്ട്രീയം പച്ചയ്ക്ക് സംഭാഷണങ്ങളിലൂടെ ശക്തമായി അവതരിപ്പിക്കുകയാണ് മുരുകദോസ്. കടക്കെണി മൂലമുള്ള തിരുനെല്‍വേലിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ, പണം, സാരി,ഫാന്‍, മിക്‌സി എന്നിവ നല്‍കിയുള്ള വോട്ട് പിടുത്തം, തമിഴ്‌നാട്ടിലെ അന്ധമായ വൈകാരിക ബന്ധം മുതലെടുക്കുന്ന രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ തുടങ്ങീ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാം ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നുണ്ട് മുരുകദോസ്.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി,പാല കറുപ്പയ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി, ഗപ്പി, അങ്കമാലി ഡയറീസ്,സോളോ,ഹേ ജൂഡ്, സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരന്‍ വിജയ് ചിത്രത്തിനനുയോജ്യമായ ഛായാഗ്രഹണമാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാര്‍ പ്രസാദിന്റെ എഡിറ്റിംഗും മികച്ച് നില്‍ക്കുന്നു.

ജയലളിതയുടെ മരണത്തിനു ശേഷം രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന തമിഴകത്ത് വീണ്ടും വിജയ് രാഷ്ട്രീയം പറയുമ്പോള്‍ അത് എന്തിനാകുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇട നല്‍കുന്നത്. രജനിയും കമലുമൊന്നും അല്ല ദളപതി വിജയ് തന്നെയാണ് തമിഴകത്തെ നയിക്കേണ്ടതെന്ന വിജയ് ആരാധകരുടെ ആഗ്രഹത്തിനൊത്തുള്ള പ്രകടനം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാരിന് വോട്ട് ചെയ്യാം…സോറി ടിക്കറ്റെടുക്കാം.